മുംബൈ: മറാത്താ രാഷ്ട്രീയത്തില്‍ മാറ്റി നിര്‍ത്താന്‍ കഴിയാത്തൊരു നേതാവായിരുന്നു ജനങ്ങള്‍ സ്‌നേഹത്തോടെ 'ദാദ' എന്ന് വിളിച്ചിരുന്ന അജിത് അനന്തറാവു പവാര്‍.
അമ്മാവന്‍ ശരദ് പവാറാണ് രാഷ്ട്രീയ ഗുരു എങ്കിലും അദേഹത്തിന്റെ നിഴലില്‍ ഒതുങ്ങിപ്പോവാതെ പാര്‍ട്ടിയിലും പുറത്തും സ്വന്തമായി ഒരു വ്യക്തിത്വം സൃഷ്ടിച്ചെടുത്തു അജിത് പവാര്‍. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി മഹാരാഷ്ട്രയിലെ 'പവറുള്ള പവാര്‍' ആയിരുന്നു അദേഹം.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച റെക്കോര്‍ഡ് അജിത് പവാറിന്റെ പേരിലാണ്. പൃഥ്വിരാജ് ചവാന്‍, ഉദ്ധവ് താക്കറെ, ഏകനാഥ് ഷിന്‍ഡെ, ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരുള്‍പ്പെടെ ആറ് മുഖ്യമന്ത്രിമാര്‍ക്കൊപ്പം അദേഹം ഈ പദവി വഹിച്ചു. ഒരു തിരഞ്ഞെടുപ്പില്‍ പോലും തോല്‍വിയറിയാത്ത നേതാവായിരുന്നു അജിത് പവാര്‍.
1982 ല്‍ രാഷ്ട്രീയത്തിലെത്തിയ അജിത് പവാര്‍, 1991 ല്‍ ബാരാമതിയില്‍ നിന്ന് ലോക്സഭാംഗമായി തുടങ്ങിയതാണ് തന്റെ പാര്‍ലമെന്ററി ജീവിതം. എന്നാല്‍, പിന്നീട് അമ്മാവനും എന്‍സിപി സ്ഥാപകനുമായ ശരദ് പവാറിനായി ഈ സീറ്റ് ഒഴിഞ്ഞു കൊടുക്കുകയായിരുന്നു.
രാഷ്ട്രീയത്തിലിറങ്ങി നാല്‍പത് വര്‍ഷത്തിന് ശേഷം 2023 ജൂലൈ രണ്ടിനായിരുന്നു അജിത് പവാറിന്റെ രാഷ്ട്രീയത്തിലെ നിര്‍ണായക വഴിത്തിരിവ്. ശരദ് പവാര്‍ നയിച്ച എന്‍സിപിയില്‍ നിന്ന് വേര്‍പിരിഞ്ഞ അദേഹം ബിജെപി-ശിവസേന (ഏകനാഥ് ഷിന്‍ഡെ വിഭാഗം) സഖ്യത്തില്‍ ചേര്‍ന്നു. 2024 ഫെബ്രുവരിയില്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അദ്ദേഹത്തിന്റെ വിഭാഗത്തെ 'യഥാര്‍ത്ഥ' എന്‍സിപിയായി അംഗീകരിക്കുകയും പാര്‍ട്ടി പേരും 'ക്ലോക്ക്' ചിഹ്നവും നല്‍കുകയും ചെയ്തിരുന്നു.
അജിത് പവാറിന്റെ രാഷ്ട്രീയ യാത്രയ്ക്ക് ഇടയില്‍ പല വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. ജലവിഭവ വകുപ്പ് മന്ത്രിയായിരിക്കെ ആരോപിക്കപ്പെട്ട 70,000 കോടി രൂപയുടെ ജലസേചന അഴിമതിയില്‍ അദേഹം പ്രതിസ്ഥാനത്തായിരുന്നു. പക്ഷേ, ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിലായിരുന്നു അജിത്.
2013 ലെ വരള്‍ച്ചാ സമയത്തും സമീപകാല തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും നടത്തിയ വിവാദ അഭിപ്രായങ്ങളുടെ പേരില്‍ അജിത് പവാര്‍ വിമര്‍ശനം നേരിട്ടു. 2019 നവംബറില്‍ ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം ഉപമുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള 80 മണിക്കൂര്‍ സര്‍ക്കാരും അദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ നാടകീയ സംഭവങ്ങളില്‍ ഒന്നാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.