മൂന്നാം പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം; ഇന്ന് ജയില്‍ മോചിതനാകും

മൂന്നാം പീഡനക്കേസില്‍  രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം; ഇന്ന് ജയില്‍ മോചിതനാകും

പത്തനംതിട്ട: മൂന്നാമത്തെ ലൈംഗിക പീഡന പരാതിയില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡിലുള്ള രാഹുല്‍, കോടതി ഉത്തരവിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് വൈകുന്നേരത്തോടെ ജയില്‍ മോചിതനാകുമെന്നാണ് വിവരം.

ഡിസംബര്‍ 11 ന് പാലക്കാട്ടെ ഹോട്ടലില്‍ നിന്ന് പൊലീസ് നാടകീയി അറസ്റ്റ് ചെയ്ത രാഹുല്‍ കഴിഞ്ഞ 18 ദിവസമായി ജയിലായിരുന്നു. പ്രതിയും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്ന വാദം പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചു.

രാഹുലിനെതിരെയുള്ള കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും പ്രതിഭാഗം വാദിച്ചു. കേസില്‍ ഇതുവരെ പരാതിക്കാരി നേരിട്ട് പോലീസിന് മൊഴി നല്‍കിയിട്ടില്ലെന്നും രഹസ്യ മൊഴിയോ വൈദ്യ പരിശോധനയോ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

പരാതിക്കാരി വിദേശത്തായതിനാല്‍ കേരളത്തിലേക്ക് എത്താന്‍ പറ്റാത്ത സാഹചര്യമാണെന്നും എംബസി വഴി പ്രത്യേക സംവിധാനം ഉപയോഗിച്ച് മൊഴി രേഖപ്പെടുത്താന്‍ നീക്കം നടത്തുന്നുണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. അന്വേഷണത്തോടും അറസ്റ്റിനോടും രാഹുല്‍ സഹകരിച്ചില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

കേസിന്റെ വിശദാംശങ്ങളും മുന്‍ കോടതി നിരീക്ഷണങ്ങളും പരിശോധിച്ച ശേഷമാണ് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. പരാതിക്കാരെയോ അതിജീവിതകളെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല എന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. നേരത്തെ സമാനമായ രണ്ട് പരാതികളില്‍ രാഹുല്‍ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.