ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ഭിന്നത നിലനില്‍ക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ ശശി തരൂര്‍ എംപി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും പാര്‍ലമെന്റില്‍ കൂടിക്കാഴ്ച നടത്തി.
പാര്‍ലമെന്റിലെ ഖാര്‍ഗെയുടെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടു. പ്രശ്നങ്ങളെല്ലാം പരസ്പരം പറഞ്ഞ് പരിഹരിച്ചുവെന്ന് പിന്നീട് തരൂര്‍ പ്രതികരിച്ചു.
'പറയാനുള്ളത് രണ്ട് ഭാഗത്തും പറഞ്ഞു കഴിഞ്ഞു. ഒരുമിച്ച് മുന്നോട്ടു പോകും. മൂന്നാളും ഒരുമിച്ചിരുന്ന് നല്ല രീതിയില്‍ സംസാരിച്ചു. കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങും' - തരൂര്‍ മാധ്യമങ്ങളോടു പറഞ്ഞു.
രാവിലെ 11 മണിയോടെ ലോക്സഭയിലെത്തിയ തരൂര്‍ അല്‍പ സമയത്തിനകം കോഴിക്കോട് എംപി എം.കെ. രാഘവനുമായി അദേഹത്തിന്റെ സീറ്റിലെത്തി അല്‍പനേരം സംസാരിച്ചു. തുടര്‍ന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മുറിയിലേക്ക് പോയി. അവിടെ രാഹുല്‍ ഗാന്ധിയുമുണ്ടായിരുന്നു. പതിനൊന്നേകാലോടെയാണ് ചര്‍ച്ച ആരംഭിച്ചത്.
പ്രവര്‍ത്തിക്കാന്‍ കുറച്ചുകൂടി ഇടം വേണം. അത് കേരളത്തിലായാല്‍ അത്രയും നല്ലത് എന്ന നിലപാട് തരൂര്‍ കൂടിക്കാഴ്ചയില്‍ പങ്കുവെച്ചുവെന്നാണ് വിവരം. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.