ശബരിമല സ്വര്‍ണക്കൊള്ള: നടന്‍ ജയറാമിനെ എസ്.ഐ.ടി ചോദ്യം ചെയ്തു; സാക്ഷിയാക്കാന്‍ നീക്കം

ശബരിമല സ്വര്‍ണക്കൊള്ള: നടന്‍ ജയറാമിനെ എസ്.ഐ.ടി ചോദ്യം ചെയ്തു;  സാക്ഷിയാക്കാന്‍ നീക്കം

ചെന്നൈ: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) നടന്‍ ജയറാമിനെ ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടിലെത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ശബരിമലയില്‍ വച്ചാണ് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം തുടങ്ങുന്നതെന്ന് ജയറാം അന്വേഷണ സംഘത്തോട് പറഞ്ഞു.

പോറ്റി നിരവധി തവണ പൂജകള്‍ക്കായി തന്റെ വീട്ടില്‍ എത്തിയിട്ടുണ്ടെന്നും നടന്റെ മൊഴിയിലുണ്ട്. പോറ്റിയുടെ സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ലായിരുന്നുവെന്നും ജയറാം വ്യക്തമാക്കി. ഇതോടെ ജയറാം കേസില്‍ സാക്ഷിയാകും എന്നാണ് അറിയുന്നത്. .

താന്‍ അയ്യപ്പഭക്തനാണെന്ന് അറിയുന്നതുകൊണ്ട് ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ വീട്ടിലെത്തിച്ച് പൂജിക്കാമെന്ന് പറഞ്ഞതും പോറ്റിയായിരുന്നുവെന്ന് ജയറാം നേരത്തെ പറഞ്ഞിരുന്നു. കട്ടിളപ്പാളി സ്മാര്‍ട്ട് ക്രിയേഷനില്‍ പൂജിച്ചപ്പോഴും പോറ്റി വിളിച്ചപ്പോള്‍ പങ്കെടുത്തിരുന്നു.

വാതില്‍പാളികള്‍ കോട്ടയം ഇളംപ്പള്ളി ക്ഷേത്രത്തിലെത്തിച്ച് ഘോഷയാത്ര നടത്തിയപ്പോഴും പങ്കെടുത്തു. പൂജാ വിശ്വാസമല്ലാതെ യാതൊരു ബന്ധവുമില്ലെന്നാണ് ജയറാം വ്യക്തമാക്കിയത്.

അതേസമയം, ശബരിമലയിലെ ദ്വാരപാലക ശല്‍പത്തില്‍ നിന്ന് സ്വര്‍ണം അപഹരിച്ച കേസില്‍ അറസ്റ്റിലായിരുന്ന മുന്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ എസ് ശ്രീകുമാറിന് ഇന്നലെ ജാമ്യം ലഭിച്ചു. അറസ്റ്റിലായി നാല്‍പത്തിമൂന്നാം ദിവസമാണ് ആറാം പ്രതിയായ ശ്രീകുമാറിന് കൊല്ലം വിജിലന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

ശില്‍പ പാളികള്‍ കടത്തുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ശ്രീകുമാര്‍ ജോലിയില്‍ പ്രവേശിച്ചതെന്നും കേസിനാസ്പദമായ രേഖയില്‍ ഒപ്പുവച്ചത് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമാണെന്നുമുള്ള പ്രതിഭാഗം വാദം കണക്കിലെടുത്താണ് ജാമ്യം.

കേസന്വേഷണം നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനു പിന്നാലെ ജയില്‍ മോചിതനാകുന്ന രണ്ടാമത്തെ ആളാണ് ശ്രീകുമാര്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.