തിരുവനന്തപുരം: കേന്ദ്രം കേരളത്തോട് തുടരുന്ന കടുത്ത വിവേചനവും അവഗണനയും വെളിവാക്കുന്നതാണ് ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബോധപൂര്‍വ്വം വിസ്മരിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
സംസ്ഥാനം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന എയിംസ്, റെയില്‍വേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികള്‍, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവയെല്ലാം പൂര്‍ണമായും തഴയപ്പെട്ടു. ഈ അവഗണനയ്ക്ക് കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ മറുപടി പറയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫിനാന്‍സ് കമ്മിഷന്‍ വിഹിതം ഉയര്‍ത്തണമെന്ന ആവശ്യവും നിരാകരിച്ചു. 41 ശതമാനം വിഹിതമെന്ന നിലവിലെ സ്ഥിതി തുടരാന്‍ തീരുമാനിച്ചത് ഫെഡറല്‍ തത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണെന്നും പിണറായി പറഞ്ഞു.
കോര്‍പ്പറേറ്റുകളെ കൊഴുപ്പിക്കാനും സാധാരണക്കാരെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളി വിടുന്നതിനുമുള്ള നയ രേഖയാണ് കേന്ദ്ര ബജറ്റ്. കേന്ദ്ര വിഹിതമായ ഡിവിസിബിള്‍ പൂളില്‍ നിന്നും കേരളത്തിന് അര്‍ഹമായത് നല്‍കുന്നില്ല എന്ന് മാത്രമല്ല, റവന്യൂ ഡെഫിസിറ്റ് ഗ്രാന്റുകള്‍ തുടരേണ്ടതില്ലെന്ന തീരുമാനം വഴി സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.
ഗ്രാന്റുകളുടെ കാര്യത്തില്‍ മൊത്തത്തില്‍ വലിയ വെട്ടിക്കുറവാണ് വരുത്തിയിരിക്കുന്നത്. 2021 ല്‍ 2.2 ലക്ഷം കോടി രൂപയായിരുന്ന ഗ്രാന്റ് ഇപ്പോള്‍ 1.4 ലക്ഷം കോടി രൂപയായി കുറച്ചു. ജനസംഖ്യാ നിയന്ത്രണത്തിലും ആഭ്യന്തര വരുമാന വളര്‍ച്ചയിലും കേരളം കൈവരിച്ച നേട്ടങ്ങളെ മുന്‍നിര്‍ത്തി നികുതി വിഹിതത്തില്‍ വന്ന ചെറിയ വര്‍ധനവ് സംസ്ഥാനത്തിന്റെ അര്‍ഹതപ്പെട്ട അവകാശം മാത്രമാണ്.
എന്നാല്‍ ഗ്രാന്റുകള്‍ നിഷേധിക്കുന്നതിലൂടെ കേന്ദ്രത്തില്‍ നിന്നുള്ള മൊത്തം വിഹിതത്തില്‍ തത്വത്തില്‍ വര്‍ദ്ധനവുണ്ടാകുന്നില്ല എന്നത് ഗൗരവകരമായി കാണേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ധാതു പാത പ്രഖ്യാപനത്തില്‍ അപകടം; പലരുടെയും കണ്ണിലെ നിധി: പ്രതിപക്ഷ നേതാവ്
കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തി. കേരളത്തിന് ആശ്വാസം നല്‍കുന്ന ഒരു പ്രഖ്യാപനവും ഇല്ല. കേരളത്തിലെ ബിജെപി നേതാക്കളും പ്രധാനമന്ത്രിയും നടത്തിയത് ഗീര്‍വാണ പ്രസംഗം മാത്രമാണ്.
കേരളത്തിലുള്ള കേന്ദ്ര മന്ത്രിമാര്‍ നിരന്തരം എയിംസിനെ പറ്റി സംസാരിച്ചു. എന്നാല്‍ ബജറ്റ് പ്രഖ്യാപനത്തില്‍ എയിംസും ഇല്ല അതിവേഗ റെയില്‍ പാതയും ഇല്ല. ആമ പരീക്ഷണത്തിന് വേണ്ടി മാത്രം പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു. ഒരു സംസ്ഥാനത്തെ എന്തിനാണ് ഇങ്ങനെ പരിഹസിക്കുന്നതെന്ന് സതീശന്‍ ചോദിച്ചു.
കേരളത്തിലെ ബിജെപി നേതാക്കള്‍ വികസിത കേരളം എന്ന് പറഞ്ഞാണ് വലിയ പ്രചാരണം നടത്തുന്നത്. എന്നിട്ട് എവിടെയാണ് കേരളത്തിനായി പദ്ധതികള്‍. ഇവര്‍ എത്രമാത്രം അവഗണനയോടെയാണ് കേരളത്തെ കാണുന്നത്. ഇത് ഒരു മുന്നറിയിപ്പാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സംസ്ഥാനത്തെ റബര്‍ കര്‍ഷകരെ കേന്ദ്രവും സംസ്ഥാനവും അവഗണിച്ചു. അപൂര്‍വ ധാതു ഇടനാഴി പ്രഖ്യാപനത്തിന് പിന്നില്‍ അപകടമുണ്ട്. കേരളത്തിന്റെ ധാതു കലവറ പലരുടെയും കണ്ണിലെ നിധിയാണ്. കേരളത്തിലെ ധാതു സമ്പത്ത് കോര്‍പ്പറേറ്റുകള്‍ക്ക് കൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
മുമ്പ് കടലില്‍ ആഴം കൂട്ടാന്‍ ശ്രമിച്ചവരാണ് കേന്ദ്രം. കേരളത്തിലെ ധാതു സമ്പത്ത് കൊള്ളയടിക്കാനുള്ള അവസരമായി ഇത് മാറും. അതിനാല്‍ സംസ്ഥാനത്തോടുകൂടി ആലോചിച്ച് മാത്രമേ ഇതിന്റെ പോളിസി ചെയ്യാന്‍ പാടുള്ളുവെന്നും വിഡി സതീശന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.