'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ ജനങ്ങള്‍ക്ക് പകരം പശുവും ആമയും, അവരുടെ നല്ലകാലമെന്ന് വി. ശിവന്‍കുട്ടി

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ ജനങ്ങള്‍ക്ക് പകരം പശുവും ആമയും, അവരുടെ നല്ലകാലമെന്ന് വി. ശിവന്‍കുട്ടി

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെ പരിഹസിച്ച് മന്ത്രി വി. ശിവന്‍കുട്ടി. ബിജെപിയുടെ ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും പകരം പശുവും ആമയുമാണെന്നും അവരുടെയൊക്കെ നല്ല സമയം എന്നുമായിരുന്നു മന്ത്രിയുടെ പരിഹാസം.

'ഇടനാഴിയില്‍ ഒരു കാലൊച്ച' എന്ന തലക്കെട്ടോടെ ഒരു കടലാമയുടെ ചിത്രം പങ്കുവെച്ചാണ് മന്ത്രി ഫെയ്സ്ബുക്കിലൂടെ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ചത്. സംസ്ഥാനം ദീര്‍ഘ കാലമായി ആവശ്യപ്പെടുന്ന എയിംസ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പരിഗണിക്കാതെ കടലാമ ആവാസ വ്യവസ്ഥയെ സംരക്ഷിക്കാന്‍ കേരളത്തില്‍ അടക്കം പദ്ധതി പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പരിഹാസം.

ആമയും പശുവുമൊക്കെ ഉണ്ടാകും. കേന്ദ്ര ബജറ്റില്‍ മനുഷ്യര്‍ക്ക് ഒന്നും ഉണ്ടാകില്ല. അവരുടെയൊക്കെ സമയം എന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ബജറ്റില്‍ പൊതുവിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും അവഗണിച്ചെന്നും മന്ത്രി വിമര്‍ശിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ മാത്രം ലക്ഷ്യംവെച്ചുള്ളതാണ് ബജറ്റ്.

സ്‌കൂള്‍ വിദ്യാഭ്യാസത്തെ അവഗണിച്ചു. സംസ്ഥാന ബജറ്റില്‍ നിന്നും കേന്ദ്രം പാഠം പഠിക്കണം. പൊതു വിദ്യാഭ്യാസത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണം. കോര്‍പ്പറേറ്റ് നയങ്ങള്‍ സംരക്ഷിക്കാനുള്ള ബജറ്റാണ് നടന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. ബജറ്റ് വന്‍കിട കമ്പനികളെ സഹായിക്കുന്നതാണ്. ബജറ്റില്‍ ദരിദ്രരെ പാടെ അവഗണിച്ചുവെന്നും മന്ത്രി കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.