തിരുവനന്തപുരം: അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. രാഷ്ട്രീയ കേസുകളിലെ പ്രതികള്‍ക്ക് അനധികൃത പരോള്‍ നല്‍കുന്നതിനെപ്പറ്റി ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളിയിരുന്നു.
കെ.കെ രമ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. ഗൗരവകരമായ വിഷയമല്ലെന്ന് കാട്ടിയാണ് സ്പീക്കറുടെ നടപടി. ആവശ്യമെങ്കില്‍ സബ്മിഷനായി ഉന്നയിക്കാമെന്നും സ്പീക്കര്‍ പറഞ്ഞു.
സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന കാര്യം മാത്രം സഭയില്‍ ചര്‍ച്ച ചെയ്താല്‍ പോരയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. പയ്യന്നൂരില്‍ പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിക്ക് പലതവണ പരോള്‍ നല്‍കിയെന്നും 20 വര്‍ഷം ശിക്ഷിക്കപ്പെട്ട് ഒരുമാസം തികയും മുമ്പ് പല തവണ പരോള്‍ നല്‍കിയതായും വി.ഡി സതീശന്‍ ആരോപിച്ചു.
പ്രധാന വിഷയമാണ് ഇന്ന് അടിയന്തര പ്രമേയമായി കൊണ്ടുവന്നത്. ജീവപര്യന്തം ശിക്ഷ ലഭിച്ച ആള്‍ക്ക് ഒരു മാസത്തില്‍ മൂന്നു തവണ പരോള്‍ നല്‍കി. ടിപി കേസ് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം പരോള്‍ ലഭിച്ചു. ജയില്‍ എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്യേണ്ടി വന്നു.
സര്‍ക്കാരിനും സിപിഎമ്മിനും ക്രിമിനലുകളെ ഭയമാണ്. അനധികൃതമായാണ് പരോളുകള്‍ നല്‍കുന്നത്. സിപിഎമ്മിന് വേണ്ടി കൊലനടത്തിയ പ്രതികള്‍ക്കാണ് പരോള്‍. മുഖ്യമന്ത്രി ഇന്ന് മറുപടി പറയാതെ ഒളിച്ചോടി. കെ.കെ രമയ്ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്ക് ഭയമാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
പരോള്‍ കണ്ടീഷന്‍ പോലും ലംഘിച്ചു. വി. കുഞ്ഞികൃഷ്ണന്‍ കോടതിയില്‍ പോയി സംരക്ഷണം തേടി. കുഞ്ഞികൃഷ്ണനെ വധിക്കാനാണോ കുറ്റവാളിയെ പുറത്തിറക്കിയത് എന്ന് സംശയമുണ്ട്.
ജയിലില്‍ കിടക്കുന്ന തടവുകാര്‍ ക്രിമിനല്‍ കുറ്റമാണ് ചെയ്യുന്നത്. ഈ വിഷയം നിയമസഭയില്‍ പറയാനുള്ള ഗൗരവം ഇല്ലേയെന്നും നിയമസഭയില്‍ അല്ലാതെ പുത്തരിക്കേണ്ടത്താണോ വിഷയം ചര്‍ച്ച ചെയ്യേണ്ടതെന്നും വി.ഡി സതീശന്‍ ചോദിച്ചു.
രാവിലെ സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് നല്‍കി. എന്നാല്‍, നോട്ടീസ് തള്ളിയതിന് പിന്നാലെ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കര്‍ക്ക് മുന്നിലെത്തി പ്രതിഷേധിച്ചു. ഇതിനു പിന്നാലെ സ്പീക്കര്‍ സഭാ നടപടികള്‍ തുടര്‍ന്നു.
സഭയില്‍ ബഹളം തുടരുന്നതിനിടെ ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മന്ത്രി വി. അബ്ദുറഹ്‌മാന്‍ മറുപടി നല്‍കി. കേരളത്തിലെ ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ ആണ് ഇടത് സര്‍ക്കാര്‍ ജെ.ബി കോശി കമ്മീഷനെ നിയോഗിച്ചത്. 284 പ്രധാന ശുപാര്‍ശകളാണുള്ളത്. നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചു. നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ്.
മന്ത്രിയുടെ അധ്യക്ഷതയില്‍ വകുപ്പുകളുടെ അവലോകന യോഗങ്ങള്‍ ചേര്‍ന്നു. ശൂപാര്‍ശകള്‍ 36 വകുപ്പുകളിലൂടെയാണ് നടപ്പിലാക്കേണ്ടത്. വകുപ്പ് സെക്രട്ടറിമാര്‍ക്ക് മുഖ്യമന്ത്രി പ്രത്യേക നിര്‍ദേശം നല്‍കി. ന്യൂനപക്ഷ വകുപ്പിന്റെ കീഴിലുള്ള 40 ശുപാര്‍ശകളില്‍ 31 എണ്ണവും നടപ്പിലാക്കി കഴിഞ്ഞുവെന്നും മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു. സഭാ നടപടികള്‍ പുരോഗമിക്കുന്നതിനിടെ പ്രതിഷേധം തുടര്‍ന്ന പ്രതിപക്ഷം രാവിലെ 11 ഓടെ സഭ ബഹിഷ്‌കരിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.