സസ്‌പെന്‍ഷനിലായ എംപിമാര്‍ പാര്‍ലമെന്റ് കവാടത്തിന് മുന്നില്‍ ധര്‍ണ ആരംഭിച്ചു.
ന്യൂഡല്‍ഹി: മുന്‍ കരസേന മേധാവി എം.എം. നരവനെയുടെ പുസ്തകത്തിലുള്ള ചൈനീസ് അതിര്‍ത്തിയിലെ സംഭവത്തെക്കുറിച്ചുള്ള ഭാഗം ലോക്സഭയില്‍ വീണ്ടും പരാമര്‍ശിച്ച് രാഹുല്‍ ഗാന്ധി.
തുടര്‍ന്നുണ്ടായ ഭരണപക്ഷ പ്രതിപക്ഷ ബഹളം മൂലം സഭാ നടപടികള്‍ തടസപ്പെട്ടു. ഉച്ചയ്ക്ക് ശേഷം സഭ തുടങ്ങിയപ്പോഴും രാഹുല്‍ ഗാന്ധി വിഷയം വീണ്ടും ഉന്നയിക്കാന്‍ ശ്രമിച്ചു. അനുമതി നിഷേധിച്ചതോടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിപക്ഷ അംഗങ്ങള്‍ അംഗങ്ങള്‍ ബഹളം വച്ചു.
സഭാ കാലയളവ് കഴിയുന്നതുവരെ ഹൈബി ഈഡന്‍, ഡീന്‍കുര്യാക്കോസ് ഉള്‍പ്പെടെ എട്ട് എംപിമാരെ സസ്പെന്‍ഡ് ചെയ്തു. പിന്നീട് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ലോക്സഭയിലെ ബഹളത്തിനിടെ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറിയതിനും കടലാസുകള്‍ കീറിയെറിഞ്ഞതിനുമാണ് നടപടി.
ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസിനും പുറമേ, അമരീന്ദര്‍ സിങ്, രാജാ വാറിങ്, മാണിക്കം ടാഗോര്‍, ഗുര്‍ജീത് സിങ് ഔജില, പ്രശാന്ത് യഡാറാവു പഡോലേ, കിരണ്‍ കുമാര്‍ റെഡ്ഡി, വെങ്കട്ട് രാമന്‍ തുടങ്ങിയവരാണ് നടപടി നേരിട്ട മറ്റു എംപിമാര്‍. സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് എട്ട് എംപിമാരും പ്രതിപക്ഷ നേതാവായ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് കവാടത്തിന് മുന്നില്‍ ധര്‍ണ ആരംഭിച്ചിട്ടുണ്ട്.
നരവനെ വിഷയം ഉന്നയിച്ച് ലോക്സഭയില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ രംഗത്തെത്തിയപ്പോള്‍ ഭരണപക്ഷം ഒന്നിച്ചാണ് പ്രസംഗം തടസപ്പെടുത്താന്‍ ഇറങ്ങിയത്. കരസേന മുന്‍ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ എഴുതിയ ഓര്‍മക്കുറിപ്പ് രാഹുല്‍ സഭയില്‍ വായിച്ചതോടെ ഭരണപക്ഷം ബഹളം വെച്ചു.
ഭരണപക്ഷത്തെ മന്ത്രിമാരടക്കമുള്ള മുതിര്‍ന്ന നേതാക്കളെല്ലാവരും രാഹുലിന്റെ പ്രസംഗം തടയാന്‍ ഒരുമിച്ച് ശ്രമിക്കുന്ന കാഴ്ചയും കാണാനായി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങും രാഹുല്‍ ഗാന്ധിയും സഭാതളത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ രാജ്നാഥ് സിങിനെ സഹായിക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തിയിരുന്നു.
മുന്‍ കരസേനാ മേധാവി ജനറല്‍ നരവനെയുടെ 'ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി' എന്ന പ്രസിദ്ധീകരിക്കാന്‍ ഇതുവരെ അനുവദിക്കാത്ത പുസ്തകത്തിലെ ചില പരാമര്‍ശങ്ങളാണ് ബിജെപി നേതാക്കളെ ഭയപ്പെടുത്തുന്നത്. 2020 മെയ് അഞ്ചിന് കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ പാങ്ഗോങ് തടാക പ്രദേശത്ത് ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ കുറിച്ചുള്ള വിവരങ്ങള്‍ ഈ പുസ്തകത്തിലുണ്ട്.
കേന്ദ്ര സര്‍ക്കാരിനെതിരെ ദോഷകരമായ വിവരങ്ങള്‍ പുസ്തകത്തില്‍ ഉണ്ടെന്നാണ് കരുതുന്നത്. പുറത്തിറങ്ങാത്ത പുസ്തകം സഭയില്‍ വായിക്കാനാകില്ലെന്ന് പറഞ്ഞാണ് സ്പീക്കര്‍ ഓം ബിര്‍ള രാഹുലിനെ ഇന്നലേയും ഇന്നും നിശബ്ദനാക്കാന്‍ ശ്രമിച്ചത്. പുറത്തിറങ്ങാത്ത പുസ്തകമല്ലെന്നും പുസ്തകം ഇറക്കാന്‍ നരവനെയെ മോഡി സര്‍ക്കാര്‍ അനുവദിച്ചില്ലെന്നും രാഹുല്‍ സഭയില്‍ ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.