സിഡ്‌നി: സിഡ്‌നിയിലെ ബോണ്ടി ജംഗ്ഷനിലുണ്ടായ അക്രമസംഭവങ്ങളിൽ ഇരകളായവരെയും അവരുടെ കുടുംബങ്ങളെയും ആശ്വസിപ്പിക്കുന്നതിനായി ഓസ്‌ട്രേലിയയിൽ എത്തുന്ന ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിനെതിരെ പ്രതിഷേധം ശക്തം. സന്ദർശനത്തിനെതിരെ ഭരണകക്ഷിയായ ന്യൂ സൗത്ത് വെയിൽസ് ലേബർ പാർട്ടിയിലെ എംപിമാർ തന്നെ രംഗത്തെത്തി.
ഹെർസോഗിന്റെ സന്ദർശനം ബോണ്ടി ആക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങൾക്ക് ആശ്വാസം നൽകുമെന്നും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുമെന്നുമാണ് ഓസ്‌ട്രേലിയൻ ജൂത കൗൺസിലുകളുടെ നിലപാട്. എന്നാൽ ഗാസയിലെ നടപടികൾ ചൂണ്ടിക്കാട്ടി സന്ദർശനത്തെ എതിർക്കുകയാണ് ഒരു വിഭാഗം.
ന്യൂ സൗത്ത് വെയിൽസ് ലേബർ എംപിമാരായ കാമറൂൺ മർഫി, സ്റ്റീഫൻ ലോറൻസ്, സാറ കെയ്ൻ എന്നിവരാണ് തിങ്കളാഴ്ച വൈകുന്നേരം പാലസ്തീൻ ആക്ഷൻ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന റാലിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചത്. സിഡ്‌നി ടൗൺ ഹാളിൽ നിന്ന് പാർലമെന്റിലേക്കുള്ള മാർച്ചിന് പൊലീസ് നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് എംപിമാരുടെ ഈ നീക്കം.
തുടരുന്ന വംശഹത്യയ്ക്ക് നേതൃത്വം നൽകുന്ന ഒരു രാഷ്ട്രത്തലവനെ ഓസ്‌ട്രേലിയ സ്വാഗതം ചെയ്യരുതെന്നാണ് പ്രതിഷേധക്കാരുടെ വാദം. സിഡ്‌നിയിലെ ബോണ്ടി ഭീകരാക്രമണത്തിന് പിന്നാലെ നഗരത്തിലെ നിശ്ചിത മേഖലകളിൽ മാർച്ചുകൾക്ക് പൊലീസ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഹെർസോഗിന്റെ സന്ദർശനം കൂടി കണക്കിലെടുത്ത് പൊലീസ് കമ്മീഷണർ മാൽ ലാനിയൻ ഈ നിയന്ത്രണം നീട്ടിയിരുന്നു. എന്നാൽ വിലക്ക് ലംഘിച്ചും മാർച്ച് നടത്താനാണ് പ്രതിഷേധക്കാരുടെ തീരുമാനം. സിഡ്‌നിയിൽ സംഘർഷം അനുവദിക്കാനാവില്ലെന്ന് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ് മിൻസ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.