പെർത്ത്: ഓസ്‌ട്രേലിയയിലെ പെർത്ത് അതിരൂപതയുടെ പുതിയ സഹായ മെത്രാനായി ഫിലിപ്പീൻസിൽ നിന്നുള്ള ഫാ. നെൽസൺ പോയെ (57) നിയമിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. വത്തിക്കാനാണ് ഔദ്യോഗികമായി ഈ വിവരം പ്രഖ്യാപിച്ചത്. പെർത്ത് ആർച്ച് ബിഷപ്പ് തിമോത്തി ജോൺ കോസ്റ്റല്ലോയുടെ സഹായിയായാണ് പുതിയ നിയമനം. നിലവിലെ സഹായ മെത്രാൻ ഡൊണാൾഡ് ജോർജ് സ്പ്രോക്സ്റ്റണിനൊപ്പം പ്രവർത്തിക്കും.
ഓസ്‌ട്രേലിയയിൽ മെത്രാൻ പദവിയിലേക്ക് ഉയർത്തപ്പെടുന്ന രണ്ടാമത്തെ ഫിലിപ്പീൻസ് വംശജനാണ് ഫാ. നെൽസൺ പോ. മെൽബൺ അതിരൂപത സഹായ മെത്രാനായി ഫ്രാൻസിസ് മാർപാപ്പ നേരത്തെ നിയമിച്ച ബിഷപ്പ് റെനെ റാമിറസാണ് ഈ പദവിയിലെത്തിയ ആദ്യത്തെയാൾ.
1968 ൽ ഫിലിപ്പീൻസിലെ ലെയ്‌റ്റെ പ്രവിശ്യയിലാണ് നെൽസൺ പോയുടെ ജനനം. ഈസ്റ്റേൺ വിസയാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷമാണ് വൈദികനാകാൻ തീരുമാനിച്ചത്. തുടർന്ന് മനിലയിലെ മേരിഹിൽ സ്കൂൾ ഓഫ് തിയോളജിയിൽ നിന്ന് പാസ്റ്ററൽ മിനിസ്ട്രിയിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.
2003 ലാണ് വൈദിക പഠനത്തിന്റെ ഭാഗമായി ഫാ. നെൽസൺ പെർത്തിലെത്തിയത്. ഗിൽഡ്‌ഫോർഡിലെ സെന്റ് ചാൾസ് സെമിനാരിയിലെ പഠനശേഷം 2005 ൽ വൈദിക പട്ടം സ്വീകരിച്ചു. കൽഗൂർലി-ബോൾഡർ ഇടവകയിൽ സഹവികാരിയായിരുന്ന ഫാ നെൽസൺ റോയൽ പെർത്ത് ഹോസ്പിറ്റലിൽ ചാപ്ലിനായും ക്ലോവർഡെയ്ൽ, ആപ്പിൾക്രോസ് ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.