നിയുക്ത മണിപ്പൂര്‍ മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിങ് ലോക്ഭനിലെത്തി ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയെ കാണുന്നു.
ഇംഫാല്‍: മണിപ്പൂരില്‍ ഒരു വര്‍ഷമായി തുടരുന്ന രാഷ്ട്രപതി ഭരണം പിന്‍വലിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറും.
പുതിയ മുഖ്യമന്ത്രിയായി എന്‍ഡിഎ നേതാവ് യുംനാം ഖേംചന്ദ് സിങ് ഇന്ന് വൈകുന്നേരം ആറിന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് സംസ്ഥാന ബിജെപി അറിയിച്ചു. ലോക്ഭനില്‍ ഇന്ന് രാവിലെ മുതല്‍ അതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചെന്നും ബിജെപി വ്യക്തമാക്കി.
ഖേംചന്ദ് സിങിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ പ്രതിനിധി സംഘം ലോക്ഭവനില്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയെ സന്ദര്‍ശിച്ച് ജനകീയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അനുമതി തേടിയിരുന്നു. കുക്കി വിഭാഗത്തിന് ഭൂരിപക്ഷമുള്ള ജില്ലകളായ ചുരാചന്ദ്പൂര്‍, ഫെര്‍സാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് എംഎല്‍എമാരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന യോഗത്തിലാണ് അറുപത്തിരണ്ടുകാരനായ ഖേംചന്ദ് സിങിനെ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. അദേഹം ഉള്‍പ്പടെയുള്ള അഞ്ച് എംഎല്‍എമാര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുതിര്‍ന്ന ബിജെപി എംഎല്‍എ തോംഗം ബിശ്വജിത് സിങ് നേരത്തെ പറഞ്ഞിരുന്നു.
യുംനാം ഖേംചന്ദ് 2017 ലും 2022 ലും എംഎല്‍എ ആയിരുന്നു. 2017 ല്‍ നിയമസഭാ സ്പീക്കറായ അദേഹം 2022 ലെ ബരേന്‍ സിങ് സര്‍ക്കാരില്‍ അംഗമായിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒമ്പതിനാണ് മണിപ്പൂര്‍ മുഖ്യമന്ത്രിയായിരുന്ന ബിരേന്‍ സിങ് രാജി വച്ചത്.
മണിപ്പൂരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി മെയതേയി-കുക്കി വിഭാങ്ങള്‍ക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങളെ തുടര്‍ന്നുള്ള സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ബിരേന്‍ സിങ് രാജിവച്ചത്. പിന്നാലെ 2025 ഫെബ്രുവരി 13 ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയെങ്കിലും നിയമസഭ പിരിച്ചു വിട്ടിരുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.