പെർത്ത്: നടുക്കടലിൽ മരണത്തെ മുഖാമുഖം കണ്ട അമ്മയെയും സഹോദരങ്ങളെയും രക്ഷിക്കാൻ 13 കാരൻ നടത്തിയത് സമാനതകളില്ലാത്ത പോരാട്ടം. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ഡൺസ്‌ബറോ തീരത്ത് കാറ്റിലും തിരയിലും പെട്ട് 14 കിലോമീറ്ററോളം ഉൾക്കടലിലേക്ക് ഒഴുകിപ്പോയ കുടുംബത്തെയാണ് ഓസ്റ്റിൻ അപ്പൽബി എന്ന എട്ടാം ക്ലാസുകാരൻ തന്റെ ധീരതയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു അമ്മയായ ജോവാൻ അപ്പൽബിയും മക്കളായ ഓസ്റ്റിൻ, ബ്യൂ (12), ഗ്രേസ് (8) എന്നിവർ. കടലിൽ വിനോദത്തിനായി കയാക്കിലും പാഡിൽ ബോർഡിലുമായി ഇറങ്ങിയ കുടുംബത്തെ ശക്തമായ കാറ്റ് നിയന്ത്രണം തെറ്റിച്ച് ഉൾക്കടലിലേക്ക് കൊണ്ടുപോയി. കയാക്കിൽ വെള്ളം കയറാൻ തുടങ്ങുകയും തങ്ങളെല്ലാവരും അപകടത്തിലാകുമെന്ന് തിരിച്ചറിയുകയും ചെയ്തതോടെയാണ് സഹായം തേടി കരയിലേക്ക് നീന്താൻ ഓസ്റ്റിനോട് അമ്മ ആവശ്യപ്പെട്ടത്.
ഓസ്റ്റിൻ അപ്പൽബിയും അമ്മയും സഹോദരങ്ങളും
കരയിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ അകലെ വെച്ചാണ് ഓസ്റ്റിൻ തന്റെ സാഹസിക യാത്ര തുടങ്ങിയത്. ശക്തമായ തിരമാലകൾ കയാക്കിനെ മറിച്ചതോടെ അത് ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് ലൈഫ് ജാക്കറ്റ് പോലും മാറ്റിയ ഓസ്റ്റിൻ ബാക്ക് സ്ട്രോക്കും ഫ്രീസ്റ്റൈലുമായി മണിക്കൂറുകളോളം പോരാടി.
"പലപ്പോഴും തളർന്നു പോയിരുന്നു. പക്ഷെ അമ്മയെയും സഹോദരങ്ങളെയും ഓർക്കുമ്പോൾ എനിക്ക് നിർത്താൻ കഴിയില്ലായിരുന്നു. മനോഹരമായ ഓർമ്മകൾ മനസിൽ നിറച്ചാണ് ഞാൻ മുന്നോട്ട് നീന്തിയത്." - ഓസ്റ്റിൻ ആപ്പൽബി പറഞ്ഞു.
കര തൊട്ടയുടനെ വിശ്രമിക്കാൻ നിൽക്കാതെ സഹായത്തിനായി രണ്ട് കിലോമീറ്ററോളം ദൂരം ഓസ്റ്റിൻ ഓടി. ഒടുവിൽ ഹോട്ടലിലെത്തി അമ്മയുടെ ഫോൺ കണ്ടെത്തി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഓസ്റ്റിൻ കരയിലെത്തി അധികൃതരെ വിവരമറിയിക്കുമ്പോഴേക്കും അവന്റെ അമ്മയും രണ്ട് സഹോദരങ്ങളും 14 കിലോമീറ്ററോളം ഉൾക്കടലിലേക്ക് ഒഴുകിപ്പോയിരുന്നു.
ഒരു പാഡിൽ ബോർഡിൽ അള്ളിപ്പിടിച്ച് ഏകദേശം എട്ട് മണിക്കൂറിലധികമാണ് അവർ മരണഭയത്തോടെ കടലിൽ ചിലവഴിച്ചത്. ഒടുവിൽ രാത്രി 8.40 ഓടെ റെസ്ക്യൂ ഹെലികോപ്റ്റർ അവരെ കണ്ടെത്തുകയായിരുന്നു. ശക്തമായ ഒരു തിരമാലയിൽ പെട്ട് മൂവരും ചിതറിപ്പോകുന്നതിന് തൊട്ടുമുൻപാണ് രക്ഷാപ്രവർത്തകർ അവരെ കണ്ടെത്തിയത്.
ഓസ്റ്റിന്റെ ഈ നേട്ടം രക്ഷാപ്രവർത്തകരെപ്പോലും അത്ഭുതപ്പെടുത്തി. ഏതാനും ആഴ്ചകൾക്ക് മുൻപ് സ്കൂളിലെ 'വേക്കേഷൻ സ്വിമ്മിങ്' പരീക്ഷയിൽ ഓസ്റ്റിൻ പരാജയപ്പെട്ടിരുന്നുവെന്ന് അച്ഛൻ വെളിപ്പെടുത്തി. നീന്തൽ പരീക്ഷയിൽ പരാജയപ്പെട്ട ആ കുട്ടി നടുക്കടലിൽ നാല് കിലോമീറ്റർ നീന്തിക്കയറിയത് അവിശ്വസനീയമാണെന്ന് കമാൻഡർ പോൾ ബ്രെസ്‌ലാൻഡ് പറഞ്ഞു.
ഈ സാഹസികതയുടെ കഥ ബിബിസി അടക്കമുള്ള എല്ലാ അന്താരാഷ്ട്ര മാധ്യമങ്ങളും ഏറ്റെടുക്കുകയും സംഭവം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തതോടെ ഓസ്റ്റിന് അഭിനന്ദന പ്രവാഹമാണ്. തന്റെ പ്രിയപ്പെട്ട എഎഫ്‌എൽ ടീമായ വെസ്റ്റ് കോസ്റ്റ് ഈഗിൾസിനെ നേരിൽ കാണാനുള്ള ക്ഷണവും ഈ കൊച്ചു മിടുക്കന് ലഭിച്ചുകഴിഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.