മണിപ്പൂരില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചുകൊണ്ടുള്ള ബിജെപി നീക്കം ആശങ്കാജനകം: നെംചാ കുപ്ജെന്‍ ഉപമുഖ്യമന്ത്രിയായതില്‍ എതിര്‍പ്പുമായി കുക്കി സംഘടന

മണിപ്പൂരില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചുകൊണ്ടുള്ള ബിജെപി നീക്കം ആശങ്കാജനകം: നെംചാ കുപ്ജെന്‍ ഉപമുഖ്യമന്ത്രിയായതില്‍ എതിര്‍പ്പുമായി കുക്കി സംഘടന

ഇംഫാല്‍: മണിപ്പൂരില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചുകൊണ്ടുള്ള ബിജെപി നീക്കം ആശങ്കാജനകമാണെന്ന് കുക്കി ഗോത്രങ്ങളുടെ പരമോന്നത സംഘടനയായ കുക്കി ഇന്‍പി മണിപ്പൂര്‍. ഗുവാഹത്തി കോണ്‍ക്ലേവ് പ്രമേയം അംഗീകരിച്ചിട്ടും കുക്കി വിഭാഗം നേതാവ് നെംചാ കുപ്ജെന്‍ മന്ത്രിസഭയില്‍ ചേര്‍ന്നത് തെറ്റാണെന്നും സംഘടന വിലയിരുത്തി.

യുംനാം ഖേംചന്ദ് സിങ് മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായാണ് നെംചാ കുപ്ജെന്‍ അധികാരമേറ്റത്. പുതിയ സര്‍ക്കാര്‍ മെയ്‌തേയ് കേന്ദ്രീകൃതമായൊരു രാഷ്ട്രീയ ക്രമീകരണം മാത്രമായിരിക്കുമെന്നും സമാധാനമോ നീതിയോ അനുരഞ്ജനമോ നടപ്പിലാക്കാന്‍ അതിന് കഴിയില്ലെന്നും കുക്കി ഇന്‍പി വിലയിരുത്തി. സര്‍ക്കാര്‍ രൂപീകരണത്തോട് കുക്കി എംഎല്‍എമാര്‍ സഹകരിക്കരുത്. കുക്കി ജനതയുടെ കഷ്ടപ്പാടുകളും അഭിലാഷങ്ങളും രാഷ്ട്രീയ ഇച്ഛാശക്തിയും പൂര്‍ണമായും അവഗണിക്കുന്ന, പേരിന് മാത്രം നിലനില്‍ക്കുന്ന സര്‍ക്കാറാവും ഇതെന്നും കുക്കി ഇന്‍പി വിലയിരുത്തി.

സമാധാനത്തിലും സുസ്ഥിരതയിലും ബിജെപിക്ക് ആത്മാര്‍ത്ഥമായ ആശങ്കയുണ്ടെങ്കില്‍ ജനകീയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. പകരം കുക്കി-സോ വിഭാഗത്തിന് സ്വീകാര്യമായൊരു രാഷ്ട്രീയ പരിഹാരം ഉണ്ടാകുന്നത് വരെ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം തുടരാന്‍ കേന്ദ്ര സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യണമെന്നും സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

പുതിയ സര്‍ക്കാറില്‍ ഏതെങ്കിലും കുക്കി-സോ എംഎല്‍എമാര്‍ ചേരുന്നതിനെ സംഘടന ശക്തമായി എതിര്‍ക്കുന്നു. നേരത്തെ അംഗീകരിച്ച ഗുവാഹത്തി കോണ്‍ക്ലേവ് പ്രമേയത്തിന് ബാധ്യസ്ഥരായിരുന്നിട്ടും അത് മറികടന്ന് ഗവണ്‍മെന്റില്‍ ചേരുന്ന കുക്കി-സോ എംഎല്‍എമാര്‍ പൊതുസമൂഹത്തിന് മുന്നില്‍ വന്ന് നിലപാട് വ്യക്തമാക്കണമെന്നും സംഘടന വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.