'സാക്ഷ്യത്തില്‍ ഐക്യപ്പെടുന്നു' എന്നതാണ് സമ്മേളനത്തിന്റെ മുദ്രാവാക്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരേ വര്‍ധിക്കുന്ന ആക്രമണങ്ങളെയും ഭരണഘടനാ മൂല്യങ്ങള്‍ക്കെതിരായ വെല്ലുവിളികളെയും കുറിച്ചുള്ള ആശങ്കകളും സമ്മേളനം ചര്‍ച്ച ചെയ്യും.
ബംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ) സമ്മേളനം ബംഗളൂരുവില്‍ ആരംഭിച്ചു. ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ഹാളില്‍ നടക്കുന്ന ഒരാഴ്ചത്തെ സമ്മേളനത്തില്‍ ലത്തീന്‍, സീറോ മലബാര്‍, സീറോ മലങ്കര റീത്തുകളിലായി ഇന്ത്യയിലെ 174 കത്തോലിക്ക രൂപതകളില്‍ നിന്നുള്ള 210 മെത്രാന്മാര്‍ പങ്കെടുക്കുന്നുണ്ട്.
ബുധനാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച സമ്മേളനം ഇന്ത്യയിലെ അപ്പസ്തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ലെയോപോള്‍ഡോ ജിറേല്ലി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷനായിരുന്നു.
ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സന്ദേശം സിബിസിഐ വൈസ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. ജോര്‍ജ് അന്തോണി സ്വാമി വായിച്ചു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്റെയും പൗരസ്ത്യ തിരുസംഘം തലവന്‍ ക്ലോഡിയോ ഗുജെറോത്തിയുടെയും സന്ദേശങ്ങളും വായിച്ചു.
കര്‍ദിനാള്‍മാരായ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, മാര്‍ ജോര്‍ജ് കൂവക്കാട്, ഡോ. ഫിലിപ്പ് നേരി ഫെറാവോ, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, സിബിസിഐ സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ്പ് ഡോ. അനില്‍ കുട്ടോ, വൈസ് പ്രസിഡന്റ് ബിഷപ്പ് ജോസഫ് മാര്‍ തോമസ്, സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് കെ.എം. ജോസഫ്, പ്രഫ. ഡി. ഡൊമിനിക് തുടങ്ങിയവരും വിവിധ സമ്മേളനങ്ങളില്‍ പ്രസംഗിക്കും.
ഭാരത മെത്രാന്‍ സംഘത്തിന്റെ സമ്മേളനത്തില്‍ രാജ്യത്തെ പ്രമുഖരായ 16 പേരെ ആദരിക്കും.'വിശ്വാസവും രാഷ്ട്രവും: ഇന്ത്യയുടെ ഭരണഘടന ദര്‍ശനത്തിന് സഭയുടെ സാക്ഷി' എന്ന വിഷയത്തിലായിരിക്കും സിബിസിഐ സമ്മേളനത്തിലെ മുഖ്യ ചര്‍ച്ചയെന്ന് ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. മാത്യു കോയിക്കല്‍ പറഞ്ഞു.
പത്തിനു സമാപിക്കുന്ന സിബിസിഐയുടെ 37-ാമത് ജനറല്‍ ബോഡി യോഗത്തില്‍ ദേശീയവും സഭാപരവുമായി പ്രാധാന്യമുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും.
'സാക്ഷ്യത്തില്‍ ഐക്യപ്പെടുന്നു' എന്നതാണു സമ്മേളനത്തിന്റെ മുദ്രാവാക്യം. രാജ്യത്തെ വിവിധ സമൂഹങ്ങള്‍ക്കിടയില്‍ ഐക്യം വളര്‍ത്തുന്നതിനും നീതിയും സമാധാനവും ഉറപ്പാക്കുന്നതിനുമാകും ഭാരത കത്തോലിക്ക സഭ ശ്രമിക്കുക.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരേ വര്‍ധിക്കുന്ന ആക്രമണങ്ങളെയും ഭരണഘടനാ മൂല്യങ്ങള്‍ക്കെതിരായ വെല്ലുവിളികളെയും കുറിച്ചുള്ള ആശങ്കകളും സമ്മേളനം ചര്‍ച്ച ചെയ്യും. രാജ്യത്തിന്റെ ഐക്യം, ഭരണഘടനാ മൂല്യങ്ങള്‍ എന്നിവയ്ക്കുള്ള സഭയുടെ സാക്ഷ്യത്തെ ശക്തിപ്പെടുത്തുന്ന സമ്മേളനത്തിന്റെ വിജയത്തിനായി പ്രാര്‍ഥിക്കാന്‍ സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അഭ്യര്‍ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.