റോക്കറ്റുകൾക്കും ശവസംസ്കാരങ്ങൾക്കും ഇടയിലെ ജീവിതം; ഒളിമ്പിക്സ് വേദിയിൽ ഉക്രെയ്ന്റെ പ്രതീകമാകാൻ വ്ലാഡിസ്ലാവ് ഹെരാസ്കെവിച്ച്

റോക്കറ്റുകൾക്കും ശവസംസ്കാരങ്ങൾക്കും ഇടയിലെ ജീവിതം; ഒളിമ്പിക്സ് വേദിയിൽ ഉക്രെയ്ന്റെ പ്രതീകമാകാൻ വ്ലാഡിസ്ലാവ് ഹെരാസ്കെവിച്ച്

കോർട്ടിന ഡി ആമ്പെസ്സോ: ആകാശത്ത് ചീറിപ്പായുന്ന റോക്കറ്റുകളും ആഴ്ചതോറും ആവർത്തിക്കുന്ന സുഹൃത്തുക്കളുടെ ശവസംസ്കാര ചടങ്ങുകളും ഉക്രെയ്നിലെ ജനങ്ങൾക്ക് ഇന്ന് ഒരു ശീലമായി മാറിയിരിക്കുന്നു. യുദ്ധത്തിന്റെ ഈ കഠിന സാഹചര്യത്തിലും തന്റെ രാജ്യത്തിന്റെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ വിളിച്ചോതാൻ ശീതകാല ഒളിമ്പിക്സ് വേദിയിൽ ഉക്രെയ്ന്റെ പതാകവാഹകനായി വ്ലാഡിസ്ലാവ് ഹെരാസ്കെവിച്ച് എത്തുന്നു. മഞ്ഞുപാളികളിലൂടെ തെന്നിനീങ്ങുന്ന സ്കെലിറ്റൺ ഇനത്തിലാണ് ഹെരാസ്കെവിച്ച് മത്സരിക്കുന്നത്.

"ആളുകൾ യുദ്ധവുമായി പൊരുത്തപ്പെടുന്നു എന്നതാണ് ഏറ്റവും ഭയാനകമായ കാര്യം. റോക്കറ്റുകൾക്ക് താഴെ ജീവിക്കുന്നതും എല്ലാ ആഴ്ചയും സുഹൃത്തുക്കളെ അടക്കം ചെയ്യുന്നതും അവർക്ക് പതിവായിരിക്കുന്നു. ജോലി ചെയ്തും ജീവിതം മുന്നോട്ട് നീക്കിയും അവർ അതിജീവിക്കാൻ ശ്രമിക്കുകയാണ് പക്ഷേ ഉക്രെയ്നിയക്കാരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളും യുദ്ധം തകർത്തു കളഞ്ഞു." — വ്ലാഡിസ്ലാവ് ഹെരാസ്കെവിച്ച് പറഞ്ഞു.

നാല് വർഷം മുൻപ് ബീജിങ് ഗെയിംസിൽ "ഉക്രെയ്നിൽ യുദ്ധം വേണ്ട" എന്ന ബാനർ ഉയർത്തിപ്പിടിച്ച് ലോകശ്രദ്ധ നേടിയ താരമാണ് ഹെരാസ്കെവിച്ച്. അന്ന് താൻ സ്വീകരിച്ച നിലപാടിൽ ഇന്നും അദ്ദേഹം ഉറച്ചുനിൽക്കുന്നു. ഇത്തവണ 46 അംഗ ഉക്രേനിയൻ സംഘത്തെ നയിച്ചുകൊണ്ട് പതാക ഏന്തുന്നത് അദേഹമാണ്. മെഡലുകളേക്കാൾ ഉപരിയായി അന്താരാഷ്ട്ര വേദിയിൽ തന്റെ രാജ്യത്തിന്റെ പതാക ഉയർന്നു നിൽക്കുന്നതും ലോകത്തിന് മുന്നിൽ സത്യം പ്രചരിപ്പിക്കുന്നതുമാണ് പ്രധാനമെന്ന് അദേഹം വിശ്വസിക്കുന്നു.

റഷ്യൻ അത്‌ലറ്റുകൾക്ക് നിഷ്പക്ഷ പദവി നൽകി മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനെതിരെ ഹെരാസ്കെവിച്ചും സഹതാരങ്ങളും ശക്തമായ പ്രതിഷേധം ഉയർത്തുന്നുണ്ട്. റഷ്യ, ഉക്രെയ്ൻ, യുഎസ് എന്നീ രാജ്യങ്ങൾ തമ്മിലുള്ള നിർണായകമായ ത്രിരാഷ്ട്ര ചർച്ചകൾ അബുദാബിയിൽ നടക്കാനിരിക്കെയാണ് ഒളിമ്പിക്സ് വേദിയിൽ ഹെരാസ്കെവിച്ചിന്റെ ഈ നിലപാടുകൾ ശ്രദ്ധേയമാകുന്നത്. ലോകത്തിന്റെ പിന്തുണ ഉക്രെയിന് ഇപ്പോഴും ആവശ്യമാണെന്നും യുദ്ധത്തിന്റെ വ്യാപ്തി ആളുകൾ മനസിലാക്കണമെന്നും അദേഹം ആവശ്യപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.