ന്യൂഡല്‍ഹി: കാശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് സിന്ധു നദീജല കരാറില്‍ നിന്ന് പിന്‍വാങ്ങിയതിന് പിന്നാലെ പാകിസ്ഥാനെതിരെ കടുത്ത നടപടിക്ക് ഇന്ത്യ. സിന്ധുവിന്റെ പ്രധാന പോഷക നദിയായ ചെനാബില്‍ വമ്പന്‍ ജലവൈദ്യുത പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ തുടക്കം കുറിച്ചു.
ജമ്മു കാശ്മീരിലെ ഉധംപൂര്‍, റംബാന്‍ ജില്ലകളിലാണ് 5,129 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന സാവല്‍കോട്ട് ജലവൈദ്യുത പദ്ധതി വിഭാവനം ചെയ്യുന്നത്. പാകിസ്ഥാനുമായി സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാണിക്കുന്ന ആദ്യത്തെ മെഗാ പ്രൊജക്ടാണിതെന്നാണ് റിപ്പോര്‍ട്ട്.
ആദ്യ ഘട്ടത്തില്‍ 1,406 മെഗാവാട്ടും രണ്ടാം ഘട്ടത്തില്‍ 450 മെഗാവാട്ടും വൈദ്യുതോല്‍പാദനം ലക്ഷ്യം വെക്കുന്ന പദ്ധതി ചെനാബ് നദിയിയില്‍ ബാഗ്ലിഹാര്‍, സലാല്‍ പദ്ധതികള്‍ക്ക് ഇടയിലായാണ് നിര്‍മിക്കുക. ഈ മെഗാ പദ്ധതിക്കായി നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ (എന്‍എച്ച്പിസി) ലിമിറ്റഡ് ഫെബ്രുവരി അഞ്ചിന് കമ്പനികളെ ക്ഷണിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പദ്ധതി എത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ് എന്‍എച്ച്പിസി ലക്ഷ്യമിടുന്നത്. ഇത് മുന്നില്‍ കണ്ടാണ് നിര്‍മാണ രീതിയും ഉപകരണങ്ങളുടെ തിരഞ്ഞെടുപ്പും ആസൂത്രണം ചെയ്തിരിക്കുന്നതെന്നും പറയുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി മേഖലയില്‍ 1,856 മെഗാവാട്ട് പദ്ധതിക്ക് അനുമതി നല്‍കിയിരുന്നു. മാത്രമല്ല, ചെനാബ് നദീതടത്തിലെ മറ്റ് പ്രധാന ജലവൈദ്യുത പദ്ധതികള്‍ വേഗത്തിലാക്കാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് പാകിസ്ഥാന്റെ പരാതിയില്‍ ഹേഗിലെ ആര്‍ബിട്രേഷന്‍ കോടതിയുടെ ഉത്തരവുകള്‍ ഇന്ത്യ തള്ളിയിരുന്നു. കോടതി നടത്തുന്ന നടപടികള്‍ നിയമവിരുദ്ധമാണെന്ന് ആവര്‍ത്തിച്ച ഇന്ത്യ, കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കോ ഉത്തരവുകള്‍ക്കോ നിയമസാധുതയില്ലെന്നും വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് പിറ്റേന്ന് തന്നെ ഇന്ത്യ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചിരുന്നു. ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ജലസഹകരണം സാധ്യമല്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയും ചെയ്തു.
പാകിസ്ഥാനിലെ കൃഷിയുടെ 80-90 ശതമാനവും സിന്ധു നദിയിലെ ജലത്തെയാണ് ആശ്രയിക്കുന്നത്. നിലവില്‍ പാകിസ്ഥാനിലെ പ്രധാന ജല സംഭരണികളായ തര്‍ബേല, മംഗ്ല എന്നിവയിലെ ജലനിരപ്പ് അപകടകരമായ രീതിയില്‍ താഴ്ന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ നിലപാട് പാകിസ്ഥാനെ വലിയ പ്രതിസന്ധിയിലാക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.