ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് സ്‌കാല്‍പ് ക്രൂസ് മിസൈലുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. ഏകദേശം 320 കോടി രൂപയുടെ ഇടപാടിനാണ് കളമൊരുങ്ങുന്നത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ വ്യോമസേന സ്‌കാല്‍പ് ക്രൂസ് മിസൈലുകള്‍ ഉപയോഗിച്ചിരുന്നു. റഫാല്‍ വിമാനങ്ങളില്‍ നിന്ന് ബ്രഹ്മോസ് മിസൈലുകള്‍ക്കൊപ്പം വിക്ഷേപിച്ച സ്‌കാല്‍പ് മിസൈലുകള്‍ ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. പാകിസ്ഥാന്‍ വ്യോമസേനയുടെ 12 പ്രധാന വ്യോമതാവളങ്ങള്‍ ഇന്ത്യന്‍ വ്യോമസേന ആക്രമിച്ചത് സ്‌കാല്‍പ് മിസൈലുകള്‍ ഉപയോഗിച്ചാണ്.
250 മുതല്‍ 500 കിലോമീറ്റര്‍ ദൂരെവരെ ആക്രമണം നടത്താന്‍ സാധിക്കുന്നവയാണ് സ്‌കാല്‍പ് മിസൈലുകള്‍. 450 കിലോഗ്രാം ഭാരമുള്ള സ്‌ഫോടക വസ്തുക്കള്‍ വഹിക്കാന്‍ കഴിയുന്ന ഈ മിസൈലിന് റഡാര്‍ നിരീക്ഷണത്തെ വെട്ടിക്കാനുള്ള കഴിവും ഉണ്ട്. അടുത്ത 10-15 വര്‍ഷത്തിനുള്ളില്‍ റഫാല്‍ വിമാനങ്ങള്‍ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമായി മാറും. ഇതിനോടൊപ്പം നാവിക സേനയുടെ റഫാലുകള്‍ ചേരുന്നതോടെ ഫ്രാന്‍സ് കഴിഞ്ഞാല്‍ ഏറ്റവുമധികം റഫാല്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ മാറും.
ഭാവിയില്‍ ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമാകാന്‍ പോകുന്ന 26 റഫാല്‍ മറൈന്‍ യുദ്ധ വിമാനങ്ങളിലും ഈ മിസൈലുകള്‍ ഘടിപ്പിക്കും. ഇത് കൂടാതെ 114 റഫാല്‍ യുദ്ധ വിമാനങ്ങള്‍ കൂടി വാങ്ങാനുള്ള നടപടികള്‍ പ്രതിരോധ മന്ത്രാലയം ഉടന്‍ പൂര്‍ത്തിയാക്കും. മീറ്റിയോര്‍ എയര്‍ ടു എയര്‍ മിസൈലുകള്‍ വാങ്ങാനുള്ള നീക്കങ്ങളും ഇതിനൊപ്പം നടക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.