ന്യൂഡല്‍ഹി: പിഎം കെയേഴ്സ് ഫണ്ട്, പിഎം ദേശീയ ദുരിതാശ്വാസ ഫണ്ട്, ദേശീയ പ്രതിരോധ ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ലോക്സഭയില്‍ അനുവദിക്കേണ്ടതില്ലെന്ന് ലോക്സഭാ സെക്രട്ടേറിയറ്റിന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശം.
ഈ ഫണ്ടുകളിലെ പണം സര്‍ക്കാരുമായി ബന്ധപ്പെട്ടതല്ലെന്നാണ് ഇതിന് കാരണമായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. ഈ ഫണ്ടുകള്‍ സമാഹരിക്കുന്നത് പൊതുജനങ്ങളില്‍ നിന്നാണന്നും അതില്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള ഉത്തരവാദിത്വമല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാട്ടുന്നു.
ലോക്സഭാ നടത്തിപ്പ് ചട്ടങ്ങളുമായി ബന്ധപ്പെട്ട റൂള്‍ 41(2) (viii), 41(2)(xvii) എന്നിവ പ്രകാരം ഈ മൂന്ന് ഫണ്ടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും നടപടികളും അനുവദനീയമല്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്സഭാ സെക്രട്ടേറിയറ്റിനെ അറിയിച്ചിരിക്കുന്നത്.
സര്‍ക്കാറിന്റെ പരിഗണനയില്‍ ഇല്ലാത്തതോ സര്‍ക്കാരിന് പ്രാഥമികമായി ഉത്തരവാദിത്വമില്ലാത്ത സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവയുമായി ബന്ധപ്പെട്ടതോ ആയ ചോദ്യങ്ങള്‍ ഉന്നയിക്കരുതെന്നാണ് ഈ ചട്ടങ്ങളില്‍ പറയുന്നത്.
ഈ ഫണ്ടുകള്‍ പൊതുജനങ്ങള്‍ സ്വമേധയാ നല്‍കുന്ന സംഭാവനകള്‍ അടിസ്ഥാനമാക്കി രൂപീകരിച്ചവയാണെന്നും ഇവ സര്‍ക്കാരിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ടിന്റെ ഭാഗമല്ലെന്നുമാണ് വിശദീകരണം.
അതേസമയം, രാജ്യത്തെ ജനങ്ങള്‍ക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ഈ ഫണ്ടുകളുടെ നടത്തിപ്പിനെക്കുറിച്ച് അറിയാന്‍ അവകാശമുണ്ടെന്നും അതിനാല്‍ ഈ വിഷയം പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിക്കുമെന്നുമാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
കോവിഡ് പോലുള്ള അടിയന്തര സാഹചര്യങ്ങള്‍ക്കായി പണം സ്വരൂപിക്കുന്നതിനായുള്ള ചാരിറ്റബിള്‍ ട്രസ്റ്റാണ് പിഎം കെയേഴ്സ്. പ്രകൃതി ദുരന്തം, അപകടം, കലാപം എന്നിവ ബാധിച്ചവര്‍ക്കാണ് പിഎം ദേശീയ ദുരിതാശ്വാസ ഫണ്ട് വഴി സഹായം ലഭിക്കുന്നത്. സായുധ, അര്‍ധസൈനിക സേനകളിലെ അംഗങ്ങളുടെ ക്ഷേമത്തിനും കുടുംബങ്ങളെ സഹായിക്കുന്നതിനുമായാണ് ദേശീയ പ്രതിരോധ ഫണ്ട് ആരംഭിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.