സുവിശേഷത്തിന്റെ വെള്ളിത്തിരയിലെ വിസ്മയം; ആർച്ച് ബിഷപ്പ് ഫുൾട്ടൺ ജെ. ഷീൻ ഇനി വാഴ്ത്തപ്പെട്ടവരിലേക്ക്

സുവിശേഷത്തിന്റെ വെള്ളിത്തിരയിലെ വിസ്മയം; ആർച്ച് ബിഷപ്പ് ഫുൾട്ടൺ ജെ. ഷീൻ ഇനി വാഴ്ത്തപ്പെട്ടവരിലേക്ക്

വത്തിക്കാൻ സിറ്റി : ടെലിവിഷൻ സ്ക്രീനുകളിലൂടെ ദശലക്ഷക്കണക്കിന് ഹൃദയങ്ങളിൽ ക്രിസ്തുവിനെ എത്തിച്ച ആധുനിക കാലത്തെ മഹാപ്രഘോഷകൻ ആർച്ച് ബിഷപ്പ് ഫുൾട്ടൺ ജെ. ഷീനെ 'വാഴ്ത്തപ്പെട്ടവനായി' പ്രഖ്യാപിക്കാൻ അനുമതി നൽകി വത്തിക്കാൻ. അമേരിക്കയിലെ പിയോറിയ രൂപതാ ബിഷപ്പ് ലൂയിസ് ടിൽക്കയാണ് ഈ സന്തോഷ വാർത്ത ലോകത്തെ അറിയിച്ചത്.

2002 ൽ ആരംഭിച്ച നാമകരണ നടപടികൾ ഒരു സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റുകളിലൂടെയാണ് കടന്നു പോയത്. അദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ എവിടെ സംസ്കരിക്കണം എന്നതിനെച്ചൊല്ലിയുള്ള ന്യൂയോർക്ക് അതിരൂപതയും പിയോറിയ രൂപതയും തമ്മിലെ നീണ്ട നിയമപോരാട്ടം പ്രക്രിയകളെ വർഷങ്ങളോളം മരവിപ്പിച്ചു. ഒടുവിൽ 2019 ൽ കോടതി വിധിയിലൂടെ ഭൗതികദേഹം പിയോറിയയിലെ സെന്റ് മേരീസ് കത്തീഡ്രലിലേക്ക് മാറ്റിയതോടെയാണ് നാമകരണ നടപടികൾക്ക് വീണ്ടും ജീവൻ വെച്ചത്.

മാധ്യമങ്ങളെ സുവിശേഷ പ്രഘോഷണത്തിനുള്ള കരുത്തുറ്റ ആയുധമാക്കിയ അപ്പസ്തോലനായിരുന്നു ഫുൾട്ടൺ ഷീൻ. 1950 കളിൽ അദേഹം അവതരിപ്പിച്ച ലൈഫ് ഈസ് വേർത്ത് ലിവിങ് പ്രോഗ്രാം ടെലിവിഷൻ ചരിത്രത്തിലെ തന്നെ വിസ്മയമായിരുന്നു. ടെലിവിഷൻ രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന 'എമ്മി അവാർഡ്' നേടിയ ലോകത്തിലെ ഏക വൈദികനാണ് ഫുൾട്ടൺ ജെ. ഷീൻ. മതഭേദമന്യേ കോടിക്കണക്കിന് ആളുകളെ സ്വാധീനിച്ച വൈദികന്റെ പ്രഭാഷണങ്ങൾ ഇന്നും യൂട്യൂബിലും മറ്റും ലക്ഷക്കണക്കിന് ആളുകൾ കേൾക്കുന്നു.

പൂർണ വളർച്ചയെത്താതെ ഹൃദയമിടിപ്പില്ലാതെ ജനിച്ച ജെയിംസ് ഫുൾട്ടൺ എൻഗ്സ്ട്രം എന്ന കുഞ്ഞിന്റെ ജീവൻ 61 മിനിറ്റുകൾക്ക് ശേഷം തിരികെ ലഭിച്ചതാണ് ഫുൾട്ടൺ ഷീന്റെ മധ്യസ്ഥതയിൽ നടന്ന പ്രധാന അത്ഭുതമായി വത്തിക്കാൻ അംഗീകരിച്ചത്. മരിച്ചു എന്ന് ഡോക്ടർമാർ വിധിയെഴുതിയ ആ കുഞ്ഞ് ഇന്ന് ആരോഗ്യവാനായ ഒരു കൗമാരക്കാരനായി ജീവിക്കുന്നു.

1979 ൽ അന്തരിച്ച ആർച്ച് ബിഷപ്പ് ഷീനിന്റെ പുണ്യപദവി പ്രഖ്യാപന തീയതി ഉടൻ വത്തിക്കാൻ ഔദ്യോഗികമായി അറിയിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.