ഡിജിറ്റല്‍ അറസ്റ്റ് തടയാന്‍ വാട്‌സ്ആപ്പിന് സിം കാര്‍ഡ് നിര്‍ബന്ധമാക്കിയെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ഡിജിറ്റല്‍ അറസ്റ്റ് തടയാന്‍ വാട്‌സ്ആപ്പിന് സിം കാര്‍ഡ് നിര്‍ബന്ധമാക്കിയെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

2021 ഏപ്രില്‍ മുതല്‍ 2025 നവംബര്‍ വരെ രാജ്യത്ത് നടന്നത് 52,000 കോടിയിലേറെ രൂപയുടെ ഡിജിറ്റല്‍ തട്ടിപ്പ്.

ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ തടയാന്‍ വാട്‌സ്ആപ്പ് പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ക്ക് സിം കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ നിര്‍ദേശിച്ചതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് സംബന്ധിച്ച് സുപ്രീം കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കേന്ദ്രം നിലപാടറിയിച്ചത്.

വാട്‌സാപ്പ് പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ ഫോണില്‍ ലഭ്യമാകാന്‍ സിം നിര്‍ബന്ധമാക്കുന്നതിലൂടെ പ്രശ്നം കൈകാര്യം ചെയ്യാമെന്ന് ടെലികോം വകുപ്പ് വ്യക്തമാക്കി. സിം കാര്‍ഡുകള്‍ നല്‍കുമ്പോള്‍ ബയോമെട്രിക് വേരിഫിക്കേഷന്‍ ഉള്‍പ്പെടെ കര്‍ശന പരിശോധനകള്‍ നടത്തുന്നതിനുള്ള ചട്ടങ്ങളുണ്ടാക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

2021 ഏപ്രില്‍ മുതല്‍ 2025 നവംബര്‍ വരെ 52,000 കോടിയിലേറെ രൂപയുടെ ഡിജിറ്റല്‍ തട്ടിപ്പാണ് രാജ്യത്ത് നടന്നതെന്നാണ് കണക്കുകള്‍. റിസര്‍വ് ബാങ്ക്, ടെലികോം വകുപ്പ് തുടങ്ങിയവരുമായി ആലോചിച്ച് ഇത്തരം തട്ടിപ്പുകള്‍ തടയാനുള്ള നടപടിക്രമങ്ങള്‍ തയ്യാറാക്കാന്‍ കേന്ദ്രത്തോട് കഴിഞ്ഞ ദിവസം സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

വലിയ തുകയുടെ ഇടപാടുകള്‍ അസ്വാഭാവികമായി പിന്‍വലിക്കുമ്പോള്‍ അക്കൗണ്ട് ഉടമയെ വിവരമറിയിക്കാനുള്ള സംവിധാനം ബാങ്കുകള്‍ക്ക് വേണമെന്നും കോടതി നിര്‍ദേശിച്ചു. സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം ആഭ്യന്തര മന്ത്രാലയം ഈ വിഷയത്തില്‍ ഉന്നതാധികാര സമിതിയുണ്ടാക്കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.