രാഹുലിന്റെ ആരോപണം: എപ്സ്റ്റീനെ നാല് തവണ കണ്ടിട്ടുണ്ടെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി

രാഹുലിന്റെ ആരോപണം: എപ്സ്റ്റീനെ നാല് തവണ കണ്ടിട്ടുണ്ടെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി

ന്യൂഡല്‍ഹി: അമേരിക്കയിലെ വിവാദ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെ താന്‍ കണ്ടിട്ടുണ്ടെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി. ഇന്റര്‍നാഷണല്‍ പീസ് ഡെലിഗേഷന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ചയെന്നാണ് മന്ത്രിയുടെ വിശദീകരണം. രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെയായിരുന്നു ഹര്‍ദീപ് സിങ് പുരിയുടെ വാര്‍ത്താ സമ്മേളനം.

ഇന്റര്‍നാഷണല്‍ പീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡെലിഗേഷന്റെ ഭാഗമായി മുന്നോ, നാലോ തവണയോ എപ്സ്റ്റീനെ കണ്ടിട്ടുണ്ട്. ഞങ്ങളുടെ കൂടിക്കാഴ്ചക്ക് എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളുമായി ഒരു ബന്ധവുമില്ലെന്നും ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

എപ്സ്റ്റീന്റെ പ്രവര്‍ത്തനങ്ങളില്‍ തനിക്ക് ഒരു താല്‍പര്യവുമില്ല. ഞാന്‍ അങ്ങനെയൊരു ആളല്ല. രാഹുല്‍ ഗാന്ധി ഇമെയിലുകള്‍ കൃത്യമായി പരിശോധിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ ഹര്‍ദീപ് സിങ് പുരിയും ജെഫ്രി എപ്സ്റ്റീനും തമ്മില്‍ നടന്ന ഇ മെയില്‍ ചാറ്റുകളുടെ വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ബിസിനസ് ശൃംഖല കെട്ടിപ്പടുക്കുന്നതിനും നിക്ഷേപങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളുമൊക്കെ ഇതിലുള്‍പ്പെട്ടുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍.

അമേരിക്കന്‍ നീതിന്യായ വകുപ്പ് ജനുവരി 30 നാണ് ഈ ഇമെയിലുകള്‍ പരസ്യപ്പെടുത്തിയത്. 2014 ജൂണ്‍ മുതല്‍ 2017 ജൂണ്‍ വരെയുള്ള ഏതാണ്ട് മൂന്ന് വര്‍ഷത്തെ വിവരങ്ങളാണ് ഇതിലുള്ളത്. എപ്സ്റ്റീന്റെ ന്യൂയോര്‍ക്കിലെ വസതിയില്‍ വെച്ച് കുറഞ്ഞത് മൂന്ന് കൂടിക്കാഴ്ചകളെങ്കിലും പുരിയുമായി നടന്നതായാണ് വെളിപ്പെടുത്തല്‍.

ഇതിന് പുറമെ സിലിക്കണ്‍ വാലിയിലെ നിക്ഷേപകരുമായി ബന്ധിപ്പിക്കാന്‍ എപ്സ്റ്റീന്‍ നിരന്തരമായ ശ്രമങ്ങള്‍ നടത്തിയിരുന്നതായും വെളിപ്പെടുത്തുന്നു. ആ സമയത്ത് ഔദ്യോഗിക പദവികളൊന്നും വഹിച്ചിരുന്നില്ലെങ്കിലും പുരി, ബിജെപി അംഗമായിരുന്നു. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ന്യൂയോര്‍ക്കിലെ ഇന്റര്‍നാഷണല്‍ പീസ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന തിങ്ക് ടാങ്കില്‍ ജോലി ചെയ്തു വരികയായിരുന്നു അദേഹം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.