കൊച്ചി: ഇരുപത് കോടി രൂപയുടെ ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ലോട്ടറി നഷ്ടപ്പെട്ടുവെന്ന് റിട്ടയേര്‍ഡ് എഎസ്ഐയുടെ പരാതി. പിറവം പാഴൂര്‍ കോട്ടപ്പുറത്ത് വീട്ടില്‍ കെ.കെ സജിമോനാണ് ടിക്കറ്റ് നഷ്ടപ്പെട്ടെന്ന പരാതിയുമായി പൊലീസിനെയും കോടതിയെയും സമീപിച്ചത്. ജനുവരി 24ന് നടന്ന ബമ്പര്‍ നറുക്കെടുപ്പില്‍ എക്‌സ്.സി 138455 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 20 കോടി അടിച്ചത്.
ഡിസംബര്‍ ഒന്നിന് മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധു വീട്ടില്‍ പോയപ്പോള്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ടിക്കറ്റ് എടുത്തുവെന്നാണ് സജിമോന്‍ പറയുന്നത്. ടിക്കറ്റിന്റെ പുറത്തായി വിലാസമെഴുതി ഒപ്പിടുകയും ചെയ്തു.
പൊലീസില്‍ നിന്ന് വിരമിച്ച ുശേഷം ട്രാവലര്‍ സര്‍വീസ് നടത്തുകയാണ് സജിമോന്‍. അദേഹത്തിന്റെ വാഹനത്തില്‍ ശബരിമലയ്ക്ക് പോയ വിശാഖപട്ടണം സ്വദേശികളായ തീര്‍ത്ഥാടകര്‍ നെയ്പാത്രം വണ്ടിയില്‍ മറന്നുവച്ചു.
താന്‍ വാങ്ങിയ ടിക്കറ്റ് ഈ പാത്രത്തിനടിയില്‍ സൂക്ഷിച്ചിരുന്നുവെന്നാണ് സജിമോന്‍ പറയുന്നത്. പിന്നീട് ഈ തീര്‍ത്ഥാടകര്‍ ആവശ്യപ്പെട്ട പ്രകാരം നെയ്പാത്രം കൊറിയര്‍ ചെയ്തു നല്‍കി. എന്നാല്‍ ഇതിനൊപ്പം ടിക്കറ്റും അറിയാതെ പെട്ടുപോയെന്നാണ് സജിമോന്‍ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
പിറവത്തെ കൊറിയര്‍ സ്ഥാപനത്തില്‍ നിന്ന് ജനുവരി 30 നാണ് നെയ്പാത്രം കൊറിയര്‍ ചെയ്തത്. പാത്രത്തിനടിയില്‍ ലോട്ടറി ടിക്കറ്റ് സൂക്ഷിച്ചിരുന്ന കാര്യമോര്‍ത്ത സജിമോന്‍ ഫെബ്രുവരി ഒന്നിന് വൈകുന്നേരം കൊറിയര്‍ സ്ഥാപനത്തെ സമീപിച്ച് പാത്രം തിരികെ ആവശ്യപ്പെട്ടെങ്കിലും അപ്പോഴേക്കും അത് മേല്‍വിലാസക്കാരന് അയച്ചിരുന്നു. ഫെബ്രുവരി നാലിന് വിശാഖപട്ടണത്തെ ഉടമയ്ക്ക് പാത്രം ലഭിക്കുകയും ചെയ്തു.
സജിമോന്റെ പരാതിയില്‍ പിറവം പൊലീസ് കൊറിയര്‍ സ്ഥാപനത്തില്‍ പരിശോധന നടത്തി. സ്ഥാപനത്തിലെ സിസിടിവി ക്യാമറ പരിശോധിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് സജിമോന്‍ പിറവം ഫസ്റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് സിസിടിവി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക് പൊലീസില്‍ കോടതിയില്‍ ഹാജരാക്കിയിരിക്കുകയാണ്.
ടിക്കറ്റ് പരിശോധിക്കാനും തട്ടിപ്പ് കണ്ടെത്താനും ലോട്ടറി വകുപ്പിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സജിമോന്‍ ഹൈക്കോടതിയെയും സമീപിച്ചിരിക്കുകയാണ്. അതേസമയം ബമ്പര്‍ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് ആരോ തിരുവനന്തപുരത്തെ ലോട്ടറി കാര്യാലയത്തില്‍ ഹാജരാക്കിയതായി വിവരമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.