ഛത്തീസ്ഗഡില്‍ ആദിവാസി ക്രൈസ്തവരുടെ മൃതശരീരങ്ങള്‍ പൊതുശ്മശാനങ്ങളില്‍ നിന്നും ബലമായി മാറ്റുന്നു ; പ്രശ്‌നത്തില്‍ ഇടപെട്ട് സുപ്രീം കോടതി

ഛത്തീസ്ഗഡില്‍ ആദിവാസി ക്രൈസ്തവരുടെ മൃതശരീരങ്ങള്‍ പൊതുശ്മശാനങ്ങളില്‍ നിന്നും ബലമായി മാറ്റുന്നു ; പ്രശ്‌നത്തില്‍ ഇടപെട്ട് സുപ്രീം കോടതി

ന്യൂഡൽഹി: ഛത്തീസ്ഗഡിലെ പൊതുശ്മശാനങ്ങളിൽ അടക്കം ചെയ്തിരിക്കുന്ന ആദിവാസി ക്രൈസ്തവരുടെ മൃതദേഹങ്ങൾ ബലമായി മാറ്റി സ്ഥാപിക്കുന്ന നടപടികൾ സുപ്രീം കോടതി തടഞ്ഞു. ക്രൈസ്തവ വിശ്വാസികളായതിന്റെ പേരിൽ മൃതദേഹങ്ങളോട് കാണിക്കുന്ന വിവേചനത്തിനെതിരെ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ നിർണായക ഇടപെടൽ.

പൊതുശ്മശാനങ്ങളിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കുന്നത് തടഞ്ഞുകൊണ്ട് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഹർജിയിലെ ഗുരുതരമായ ആരോപണങ്ങൾക്ക് നാല് ആഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് സർക്കാരിന് കോടതി നോട്ടീസ് അയച്ചു.

ബന്ധുക്കളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് മൃതദേഹങ്ങൾ പുറത്തെടുക്കുന്നത്. ചില മൃതദേഹങ്ങൾ 50 കിലോമീറ്ററിലധികം ദൂരെയുള്ള സ്ഥലങ്ങളിലേക്കാണ് മാറ്റി സ്ഥാപിച്ചിരിക്കുന്നത്. ക്രൈസ്തവർ ബന്ധുക്കളെ സംസ്‌കരിക്കാൻ ശ്രമിക്കുമ്പോൾ തീവ്ര സംഘടനകൾ തടസപ്പെടുത്തുന്നുവെന്ന് 'ഛത്തീസ്ഗഡ് അസോസിയേഷൻ ഫോർ ജസ്റ്റിസ് ആൻഡ് ഇക്വാലിറ്റി' എന്ന സംഘടന കോടതിയിൽ ചൂണ്ടിക്കാട്ടി. മറ്റുള്ളവർക്കുള്ള തുല്യമായ അവകാശം ക്രൈസ്തവർക്കും ഉണ്ടെന്ന് അഭിഭാഷകൻ വാദിച്ചു.

മൃതദേഹങ്ങൾ അവഹേളിക്കുന്നതിനെതിരെ പരാതി നൽകിയിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറാകുന്നില്ലെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ മൗനസമ്മതത്തോടെയാണ് ഇത്തരം പ്രവൃത്തികൾ നടക്കുന്നതെന്നും ആരോപണമുണ്ട്. വർഗീയത മൃതദേഹങ്ങളെപ്പോലും വേട്ടയാടുന്ന സ്ഥിതിയാണ് ഛത്തീസ്ഗഡിൽ നിലനിൽക്കുന്നതെന്നാണ് ഹർജിക്കാർ വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.