എണ്ണൂറാം ചരമ വാര്‍ഷികം: വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഭൗതികാവശിഷ്ടങ്ങള്‍ പൊതു ദര്‍ശനത്തിന് വെച്ചു; ചരിത്രത്തില്‍ ആദ്യം

എണ്ണൂറാം ചരമ വാര്‍ഷികം: വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഭൗതികാവശിഷ്ടങ്ങള്‍ പൊതു ദര്‍ശനത്തിന് വെച്ചു; ചരിത്രത്തില്‍ ആദ്യം

ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 22 വരെയാണ് പൊതുദര്‍ശനം.

അസീസി: വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ മരണത്തിന്റെ 800-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിശുദ്ധന്റെ ഭൗതികാവശിഷ്ടങ്ങള്‍ ചരിത്രത്തിലാദ്യമായി പൊതു ദര്‍ശനത്തിന് വെച്ചു. ഫെബ്രുവരി 21 ശനിയാഴ്ചയാണ് അസീസിയിലെ ബസിലിക്കയില്‍ പൊതു ദര്‍ശനം തുടങ്ങിയത്. മാര്‍ച്ച് 22 വരെയാണ് പൊതുദര്‍ശനം.

എട്ട് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് അന്തരിച്ച വിശുദ്ധന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഇതിനുമുമ്പ് ശാസ്ത്രീയ പരിശോധനകള്‍ക്കായി പുറത്തെടുത്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് പൊതുജനങ്ങള്‍ക്ക് വണങ്ങാനായി പ്രദര്‍ശിപ്പിക്കുന്നത്. ലിയാ പതിനാലാമന്‍ മാര്‍പാപ്പയുടെ പ്രത്യേക അനുമതിയോടെയാണ് തിരുശേഷിപ്പ് പ്രദര്‍ശനം.

നോമ്പ് കാലത്ത് വിശ്വാസികള്‍ക്ക് ഇതൊരു വലിയ ആത്മീയ അനുഭവം നല്‍കും. അസീസിയിലെ ലോവര്‍ ബസിലിക്കയിലുള്ള പേപ്പല്‍ പീഠത്തിന് താഴെ പ്രത്യേകമായി തയ്യാറാക്കിയ സുരക്ഷിതമായ ചില്ലുപേടകത്തിലാണ് ഭൗതികാവശിഷ്ടങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്.

പ്രദര്‍ശനത്തിന്റെ ആദ്യ ഘട്ടത്തില്‍ ത്തന്നെ ഏകദേശം നാല് ലക്ഷത്തിലധികം പേര്‍ സന്ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. വിശുദ്ധന്റെ അസ്ഥികളും അവശിഷ്ടങ്ങളും ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ വത്തിക്കാന്‍ പുറത്തു വിട്ടിട്ടുണ്ട്. ഇത് വെറും അസ്ഥികളല്ല, മറിച്ച് എല്ലാം ദൈവത്തിനായി സമര്‍പ്പിച്ച ഒരു ജീവിതത്തിന്റെ അടയാളമാണെന്ന് സഭാ അധികൃതര്‍ പറഞ്ഞു.

1226 ല്‍ അന്തരിച്ച ഫ്രാന്‍സിസ് അസീസിയുടെ ശരീരം പ്രൊഫനേഷന്‍ (അപവിത്രമാക്കല്‍) ഒഴിവാക്കാനായി നൂറ്റാണ്ടുകളോളം രഹസ്യമായിട്ടാണ് സൂക്ഷിച്ചിരുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ നാലിന് ഇറ്റലിയില്‍ വലിയ ആഘോഷങ്ങളോടെയാണ് 800-ാം വാര്‍ഷിക പരിപാടികള്‍ സമാപിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.