ആരോഗ്യ മന്ത്രിയുടെ വസതിയിലേക്കുള്ള പ്രതിഷേധം; 24 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്; നേമം ഷജീർ ഒന്നാം പ്രതി

ആരോഗ്യ മന്ത്രിയുടെ വസതിയിലേക്കുള്ള പ്രതിഷേധം; 24 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്; നേമം ഷജീർ ഒന്നാം പ്രതി

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ പ്രതിഷേധത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്. നേതാക്കളായ പതിനേഴ് പേര്‍ക്കെതിരേയും കണ്ടാല്‍ അറിയാവുന്ന ഏഴ് പേര്‍ക്ക് എതിരേയുമാണ് കേസെടുത്തിരിക്കുന്നത്.

തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. നാല് പൊലീസുകാരുടെ പരാതിയിലാണ് കേസെടുത്തത്. ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനും പൊലീസുകാരെ ആക്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസെടുത്തത്.

പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മന്ത്രി വസതിയുടെ ഗേറ്റ് തകര്‍ത്ത് 28000 രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയെന്നും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നാല് പൊലീസുകാരെ കയ്യേറ്റം ചെയ്‌തെന്നും എഫ്ഐആറിൽ.

സർക്കാർ ആശുപത്രികളിലെ ചികിത്സാ പിഴവുകൾ ആരോപിച്ച് ഇന്ന് രാവിലെയാണ് വീണ ജോര്‍ജിന്‍റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. റീത്തുമായി എത്തിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. രാവിലെ എട്ടു മണിയോടെ എത്തിയ പ്രവർത്തകർ പൊലീസിനെ മറികടന്ന് വീടിന്‍റെ വാതിലില്‍ റീത്ത് വച്ചു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ റീത്ത് എടുത്ത് മാറ്റുകയായിരുന്നു.

പിന്നാലെ പത്തനംതിട്ടയിലും കൊല്ലത്തും മന്ത്രിക്കെതിരെ പ്രതിഷേധം നടന്നിരുന്നു. പത്തനംതിട്ടയിലെ പരിപാടിക്ക് ഇടയിലും കോൺ​ഗ്രസ് പ്രതിഷേധം. ടൗൺ ഹാളിൽ വിവിധ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായത്. ആരോ​ഗ്യ മന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. യുഡിഎഫ് പ്രവർത്തകർ മന്ത്രിയെ തടഞ്ഞുനിർത്തി കയർത്തതോടെ പ്രതിരോധവുമായി എൽഡിഎഫ് പ്രവർത്തർ രംഗത്തെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.