ഇന്ത്യയില്‍ വന്‍ ഭീകരാക്രമണത്തിന് ശ്രമമെന്ന് സംശയം; വ്യാപക പരിശോധന, തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലുമായി എട്ട് പേര്‍ അറസ്റ്റില്‍

ഇന്ത്യയില്‍ വന്‍ ഭീകരാക്രമണത്തിന് ശ്രമമെന്ന് സംശയം; വ്യാപക പരിശോധന, തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലുമായി   എട്ട് പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: രാജ്യത്ത് വലിയ ഭീകരാക്രമണത്തിന് പദ്ധതിയൊരുക്കിയെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ എട്ട് പേരെ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തു.

പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെയും ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഭീകര സംഘടനകളുടെയും പിന്തുണയോടെയാണ് ഇവര്‍ ഭീകരാക്രമണത്തിന് ശ്രമിച്ചതെന്നാണ് സൂചന.

മിസാനൂര്‍ റഹ്‌മാന്‍, മുഹമ്മദ് ഷബാത്ത്, ഉമര്‍, മുഹമ്മദ് ലിതാന്‍, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്ജാല്‍ എന്നിവരെ തമിഴ്‌നാട്ടിലെ തീരുപ്പൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്രനിര്‍മാണ യൂണിറ്റുകളില്‍ നിന്നും മറ്റ് രണ്ട് പേരെ പശ്ചിമബംഗാളില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

ഇവരില്‍ ഒരാള്‍ ബംഗ്ലാദേശില്‍ നിന്നുള്ളയാളാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രതികള്‍ വ്യാജ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നു. ഇവരില്‍ നിന്ന് എട്ട് മൊബൈല്‍ ഫോണുകളും 16 സിം കാര്‍ഡുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ ഡല്‍ഹി പൊലീസിന് ഉടന്‍ തന്നെ കൈമാറും.

ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്കും ചാന്ദ്‌നി ചൗക്കിലെ ഒരു ക്ഷേത്രം ഉള്‍പ്പെടെ രാജ്യത്തെ പ്രധാന മത കേന്ദ്രങ്ങള്‍ക്ക് സമീപം സ്ഫോടനം നടത്താന്‍ പാകിസ്ഥാനിലെ ലഷ്‌കര്‍- ഇ തൊയ്ബ പദ്ധതിയിടുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. സംഭവത്തെ തുടര്‍ന്ന് തമിഴ്നാട്ടിലെയും പശ്ചിമ ബംഗാളിലെയും പ്രധാന നഗരങ്ങളില്‍ സുരക്ഷയും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.