മെക്സിക്കോ സിറ്റി: കുപ്രസിദ്ധ മെക്സിക്കന്‍ മയക്കുമരുന്ന് മാഫിയ തലവന്‍ നെമെസിയോ ഒസെഗ്വേര സെര്‍വാന്റസിനെ (എല്‍ മെന്‍ചോ) മെക്സിക്കന്‍ സൈന്യം വധിച്ചു. മെക്സിക്കോയിലെ തപല്‍പയില്‍ ഇന്നലെ സൈന്യവും എല്‍ മെന്‍ചോയുടെ ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടല്‍ അംഗങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് എല്‍ മെന്‍ചോയുടെ അന്ത്യം.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എല്‍ മെന്‍ചോയെ സിറ്റിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചതെന്ന് മെക്സിക്കന്‍ സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു. ഏറ്റുമുട്ടലില്‍ പരിക്കേറ്റ മറ്റ് രണ്ട് പേര്‍കൂടി മരിച്ചതായി മെക്സിക്കന്‍ നാഷണല്‍ ഡിഫന്‍സ് സെക്രട്ടറിയേറ്റ് പിന്നീട് അറിയിച്ചു.
കാര്‍ട്ടല്‍ അംഗങ്ങളായ രണ്ട് പേരെ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ പക്കലുണ്ടായിരുന്ന ആയുധങ്ങളും പിടിച്ചെടുത്തു. മാഫിയ സംഘത്തിന്റെ അത്യാധുനിക കവചിത വാഹനങ്ങളും റോക്കറ്റ് ലോഞ്ചറുകള്‍ ഉള്‍പ്പെടെയുള്ളവയും സൈന്യം കസ്റ്റഡിയിലെടുത്തു. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
മെക്സിക്കന്‍ സൈന്യത്തിന്റെ ഇന്റലിജന്‍സ് നല്‍കിയ വിവരങ്ങളനുസരിച്ചും അമേരിക്ക നല്‍കിയ രഹസ്യ വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് എല്‍ മെന്‍ചോയുടെ മാഫിയാ സംഘത്തിനെതിരെ നടപടിയുണ്ടായത്.

എല്‍ മെന്‍ചോയുടെ മരണവാര്‍ത്ത പുറത്തുവന്നതിനു പിന്നാല അയാളുടെ അനുയായികള്‍ രാജ്യത്ത് കലാപം അഴിച്ചു വിട്ടിരിക്കുകയാണ്. മെക്സിക്കോയിലെ എട്ട് സംസ്ഥാനങ്ങളിലേക്ക് കലാപം വ്യാപിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആക്രമികള്‍ നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടും ഗതാഗതം തടസപ്പെടുത്തിയുമാണ് പ്രതിഷേധിക്കുന്നത്. ഇതോടെ മെക്സിക്കന്‍ നഗരങ്ങളിലുള്ള മിക്ക വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ജാലിസ്‌കോയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ജനങ്ങളോട് വീടുകളില്‍ തുടരാനും പൊതുപരിപാടികള്‍ റദ്ദാക്കാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് മെക്സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബാം അറിയിച്ചു. അന്താരാഷ്ട്ര അന്വേഷണ ഏജന്‍സികള്‍ തിരയുന്ന പിടികിട്ടാപ്പുള്ളിയായ ലഹരിമരുന്ന് മാഫിയാ തലവനാണ് എല്‍ മെന്‍ചോ.
ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടല്‍ എന്ന കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയാ സംഘത്തിന്റെ തലവനാണ് ഇയാള്‍. എല്‍ മെന്‍ചോ യുടെ തലയ്ക്ക് അമേരിക്ക 15 മില്യണ്‍ ഡോളര്‍ ഇനാമും പ്രഖ്യാപിച്ചിരുന്നു. അമേരിക്കയിലേക്ക് വന്‍തോതില്‍ കൊക്കെയ്‌നും ഫെന്റാനൈലും ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ കടത്തിയിരുന്നവരാണ് എല്‍ മെന്‍ചോയും സംഘവും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.