ന്യൂഡല്‍ഹി: ഭരണഘടനയില്‍ സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. 'കേരള' അല്ല, ഇനി മുതല്‍ 'കേരളം' ആണ്.
ഇതിനായി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ബില്ലിന് ഇന്നത്തെ കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ 'സേവാ തീര്‍ത്ഥി'ല്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗമാണ് അംഗീകാരം നല്‍കിയത്.
സംസ്ഥാനത്തിന്റെ പേര് ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ 'കേരള' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് 'കേരളം' എന്നാക്കി ഭേദഗതി ചെയ്യണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
ഇതിനുവേണ്ടിയുള്ള അടിയന്തര നടപടികള്‍ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് 2024 ജൂണില്‍ കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഈ ആവശ്യമാണ് ഇന്ന് കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നത്.
2023 ഓഗസ്റ്റിലും ഇതേ ആവശ്യമുന്നയിച്ച് കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രം അത് മടക്കുകയായിരുന്നു. ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും മാറ്റം ആവശ്യപ്പെട്ടായിരുന്നു ആദ്യ പ്രമേയം.
എന്നാല്‍, ഒന്നാം പട്ടികയില്‍ മാത്രം മാറ്റം വരുത്തിയാല്‍ മതിയെന്നായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം. ഇതനുസരിച്ചാണ് പരിഷ്‌കരിച്ച പ്രമേയം നിയമസഭ പാസാക്കി കേന്ദ്രത്തിന് വീണ്ടും അയച്ചത്.
കേരള മാറ്റി കേരളം എന്നാക്കുന്നതില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. നിയമസഭ ഇക്കാര്യത്തില്‍ പ്രമേയം പാസാക്കിയതും കത്തില്‍ സൂചിപ്പിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.