മിഴിതുറക്കാതെ ഭരണകൂടം; വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മതപീഡനം രൂക്ഷം: ആശങ്ക രേഖപ്പെടുത്തി ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ

മിഴിതുറക്കാതെ ഭരണകൂടം; വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മതപീഡനം രൂക്ഷം: ആശങ്ക രേഖപ്പെടുത്തി ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ

ഇറ്റാനഗർ: ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കും ന്യൂനപക്ഷങ്ങൾക്കും നേരെ വർധിച്ചd വരുന്ന മതപീഡനങ്ങളിൽ ‘ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ’ കടുത്ത ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി. അരുണാചൽ പ്രദേശിൽ ചേർന്ന സംഘടനയുടെ വർക്കിങ് കമ്മിറ്റി യോഗത്തിലാണ് എട്ട് സംസ്ഥാനങ്ങളിലെയും ഭീതിജനകമായ സാഹചര്യം വിലയിരുത്തിയത്.

മത സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം, നിയമപരമായ സമ്മർദ്ദങ്ങൾ, സാമൂഹിക ബഹിഷ്‌കരണം എന്നിവ വടക്ക് കിഴക്കൻ മേഖലയിൽ വ്യാപകമാവുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. അരുണാചൽ പ്രദേശിലെ വിവാദമായ ‘ഫ്രീഡം റിലീജിയസ് ആക്ട്’ നടപ്പിലാക്കാനുള്ള നീക്കങ്ങളിൽ യോഗം ഉത്ക്കണ്ഠ രേഖപ്പെടുത്തി.

നിയമത്തിലെ ചില അവ്യക്തതകൾ ക്രിസ്ത്യൻ മിഷനറിമാരെ ബോധപൂർവ്വം ലക്ഷ്യം വെച്ചുള്ളതാണെന്ന് സംഘടന വിലയിരുത്തി. മണിപ്പൂർ സംഘർഷത്തിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിനായി സർക്കാർ അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.

മേഘാലയയിലെ ഗോത്ര പദവി സംബന്ധിച്ച സങ്കീർണ്ണമായ പ്രശ്‌നങ്ങളും അസമിലും ത്രിപുരയിലും പ്രാർത്ഥനായോഗങ്ങൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന അതിക്രമങ്ങളും യോഗത്തിൽ ഗൗരവകരമായ ചർച്ചയായി. നാഗാലാൻഡിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന അക്രമങ്ങളെ യോഗം ശക്തമായി അപലപിച്ചു.

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഭരണകൂടങ്ങൾ പരാജയപ്പെടരുതെന്ന് ആവശ്യപ്പെട്ട കാത്തലിക് യൂണിയൻ, നിർത്തലാക്കിയ ന്യൂനപക്ഷ സ്‌കോളർഷിപ്പുകൾ പുനസ്ഥാപിക്കണമെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ ഒഴിവുകൾ അടിയന്തരമായി നികത്തണമെന്നും കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.