പരിഹാരപ്രവൃത്തികൾ ഭാരപ്പെടുത്തി ക്ഷീണിപ്പിക്കാനുള്ളതല്ല വിശുദ്ധീകരിക്കാനും ബലപ്പെടുത്താനും വേണ്ടിയുള്ളതാണ്: മാർപാപ്പയുടെ നോമ്പുകാല സന്ദേശം

പരിഹാരപ്രവൃത്തികൾ ഭാരപ്പെടുത്തി ക്ഷീണിപ്പിക്കാനുള്ളതല്ല വിശുദ്ധീകരിക്കാനും ബലപ്പെടുത്താനും വേണ്ടിയുള്ളതാണ്: മാർപാപ്പയുടെ നോമ്പുകാല സന്ദേശം

വത്തിക്കാൻ സിറ്റി: കർത്താവിനാൽ വിശുദ്ധീകരിക്കപ്പെടാനും അവിടുത്തോടു സഹകരിച്ചുകൊണ്ട് നമ്മുടെ ജീവിതങ്ങളെ അതുല്യമായ 'മാസ്റ്റർപീസുകൾ' ആക്കാനുമുള്ള അവസരമാണ് നോമ്പുകാലമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ.
നോമ്പിലെ ആദ്യ ഞായറാഴ്ച, മധ്യാഹ്ന പ്രാർത്ഥനയോടനുബന്ധിച്ച് വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒരുമിച്ചുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ.

യേശു മരുഭൂമിയിലേക്ക് പ്രവേശിക്കുകയും പിശാചിനാൽ പരീക്ഷിക്കപ്പെടുകയും ചെയ്തതിനെക്കുറിച്ചുള്ള സുവിശേഷഭാഗത്തെ (മത്തായി 4:1-11) അടിസ്ഥാനമാക്കിയുള്ള വിചിന്തനങ്ങളാണ് പരിശുദ്ധ പിതാവ് നൽകിയത്.

നാൽപതു ദിവസത്തെ ഉപവാസത്താലും പിശാചിൻ്റെ പ്രലോഭനങ്ങളാലും ശാരീരികവും ധാർമികവുമായ വിശപ്പ് യേശുവിനുണ്ടാകുകയും അങ്ങനെ, തൻ്റെ മനുഷ്യത്വത്തിന്റെ ഭാരം അവിടുന്ന് അനുഭവിക്കുകയും ചെയ്തുവെന്ന് പാപ്പാ വിശദീകരിച്ചു. നാമെല്ലാവരും നേരിടുന്ന അതേ പോരാട്ടമാണ് യേശുവും അനുഭവിച്ചത്. എങ്കിലും, ദുഷ്ടനെ ചെറുത്തുനിൽക്കുന്നതിലൂടെ അവൻ്റെ വഞ്ചനയെയും കെണികളെയും എങ്ങനെ മറികടക്കാമെന്ന് അവിടുന്ന് നമുക്ക് കാണിച്ചുതരുന്നു.

നോമ്പുകാലത്തിൻ്റെ തിളക്കമാർന്ന പാത

പ്രാർഥന, ഉപവാസം, ദാനധർമ്മം എന്നിവയിലൂടെ ദൈവവുമായുള്ള സഹകരണം പുതുക്കാനും നമ്മുടെ ജീവിതങ്ങളെ അതുല്യമായ മാസ്റ്റർപീസുകളായി രൂപപ്പെടുത്താനും നമുക്കു സാധിക്കണം. പാപം മൂലം ഉണ്ടായ കറകളും മുറിവുകളും ശുദ്ധീകരിക്കാനും സുഖപ്പെടുത്താനും അവിടുത്തെ നാം അനുവദിക്കണം. സ്നേഹത്തിൻ്റെ പൂർണ്ണതയിൽ എത്തുന്നതുവരെ, നമ്മുടെ ജീവിതങ്ങളെ സുന്ദരമായ പൂക്കൾ വിരിയുന്ന ഉദ്യാനമാക്കി മാറ്റാൻ നാം പ്രതിജ്ഞാബദ്ധരായിരിക്കുകയും വേണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

മറ്റൊന്നിനും തൃപ്തിപ്പെടുത്താനാവില്ല

തീർച്ചയായും ഇത് ഒരു ശ്രമകരമായ യാത്രയാണ്. നിരുത്സാഹപ്പെടാനും എളുപ്പവഴികളിലൂടെ സംതൃപ്തി കണ്ടെത്താനുമുള്ള പ്രലോഭനങ്ങൾ എപ്പോഴും നിലനിൽക്കുന്നുവെന്ന് ലിയോ പാപ്പാ പറഞ്ഞു. യേശു തന്നെയും നേരിട്ട ഇപ്രകാരമുള്ള പ്രലോഭനങ്ങൾ, നമുക്ക് ലഭിക്കാനിരിക്കുന്ന ആനന്ദത്തോടു തുലനം ചെയ്യുമ്പോൾ വളരെ വിലകുറഞ്ഞവയാണ്. ഒടുവിൽ അവ നമ്മെ കൂടുതൽ അസംതൃപ്തരും അസ്വസ്ഥരുമാക്കി മാറ്റും.

പരിഹാരപ്രവൃത്തികളിലൂടെ വിശുദ്ധീകരണം

നാം ചെയ്യുന്ന പരിഹാരപ്രവൃത്തികൾ നമ്മെ ഭാരപ്പെടുത്തി ക്ഷീണിപ്പിക്കാനുള്ളതല്ല, മറിച്ച്, മെച്ചപ്പെടുത്താനും വിശുദ്ധീകരിക്കാനും ബലമുള്ളവരാക്കാനും വേണ്ടിയുള്ളതാണ്. അവ നമ്മുടെ പരിമിതികളെ കുറിച്ച് നമ്മെ ബോധവാന്മാരാക്കുന്നു. അത് നമ്മെ ബലപ്പെടുത്തുകയും ദൈവത്തോടും സഹോദരങ്ങളോടുമുള്ള ആഴമായ കൂട്ടായ്മ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

കൃപയുടെ ഈ കാലഘട്ടത്തിൽ, പ്രാർഥനയ്ക്കൊപ്പം ഉദാരതയോടെ കാരുണ്യത്തിൻ്റെയും പരിഹാരത്തിന്റേതുമായ പ്രവൃത്തികളും നമുക്ക് ചെയ്യാം. ടെലിവിഷനുകളും മൊബൈൽ ഫോണുകളും അല്പസമയത്തേക്ക് മാറ്റിവച്ച് നിശബ്ദതയ്ക്ക് ഇടം കൊടുക്കുന്നവരായി നമുക്ക് മാറാം. പകരം, ദൈവവചനം ധ്യാനിക്കാനും കൂദാശകളെ സമീപിക്കാനും നമ്മുടെ ഹൃദയങ്ങളോടു സംസാരിക്കുന്ന പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിക്കാനും നമുക്ക് സന്നദ്ധത കാണിക്കാം - പരിശുദ്ധ പിതാവ് ഓർമ്മപ്പെടുത്തി.

പരീക്ഷണ വേളകളിൽ തന്റെ മക്കളെ സഹായിക്കാൻ ഓടിയെത്തുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ സഹായം ഈ നോമ്പുകാല യാത്രയിലും ഉണ്ടാകാൻവേണ്ടി, അവളുടെ മാധ്യസ്ഥ്യം അപേക്ഷിച്ചുകൊണ്ട് പാപ്പാ തൻ്റെ സന്ദേശം ഉപസംഹരിച്ചു.

മാർപാപ്പമാരുടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.