'കോടതിയെ അപകീര്‍ത്തിപ്പെടുത്താന്‍ ആരേയും അനുവദിക്കില്ല'; എന്‍.സി.ഇ.ആര്‍.ടി പാഠ പുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ ആശങ്കയെന്ന് സുപ്രീം കോടതി

'കോടതിയെ അപകീര്‍ത്തിപ്പെടുത്താന്‍ ആരേയും അനുവദിക്കില്ല'; എന്‍.സി.ഇ.ആര്‍.ടി  പാഠ പുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ ആശങ്കയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: എന്‍.സി.ഇ.ആര്‍.ടിയുടെ എട്ടാം ക്ലാസ് പാഠ പുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. സാമൂഹിക ശാസ്ത്ര പാഠ പുസ്തകത്തിലെ 'ജുഡീഷ്യറിയിലെ അഴിമതി' എന്ന ഭാഗത്തിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആശങ്ക അറിയിച്ചത്. വിഷയം കോടതി സ്വമേധയാ പരിഗണിക്കുമെന്നും അദേഹം വ്യക്തമാക്കി.

എന്‍.സി.ഇ.ആര്‍.ടി എട്ടാം ക്ലാസ് പാഠ പുസ്തകത്തില്‍ ജുഡീഷ്യറിയിലെ അഴിമതിയെന്ന പാഠഭാഗം ഉള്‍പ്പെടുത്തിയതായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആണ് കോടതിയെ അറിയിച്ചത്.

മന്ത്രിമാരുടേയും പൊതുജനങ്ങളുടേയും അന്വേഷണ ഏജന്‍സികളുടേയും രാഷ്ട്രീയക്കാരുടേയും അഴിമതികള്‍ മറച്ചുവെച്ച് ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പഠിപ്പിക്കുന്നത് ദുരുദ്ദേശപരമാണെന്ന വാദമാണ് കബില്‍ സിബല്‍ ഉന്നയിച്ചത്.

' കോടതിയും അഭിഭാഷകരും അസ്വസ്ഥരാണ്. എല്ലാ ഹൈക്കോടതിയും ആശങ്ക പ്രകടിപ്പിച്ചു. ഞാന്‍ ഇത് സ്വമേധയാ പരിഗണിക്കും. കോടതിയെ അപകീര്‍ത്തിപ്പെടുത്താന്‍ ആരേയും അനുവദിക്കില്ല. നിയമം അതിന്റെ വഴിക്ക് പോവും.

കോടതികളുടെ തലവന്‍ എന്ന നിലയില്‍ ഞാന്‍ എന്റെ കടമ ചെയ്യുന്നു. വിഷയം ശ്രദ്ധയില്‍പ്പെട്ടു. ഇത് കരുതിക്കൂട്ടിയുള്ള നീക്കമാണെന്ന് സംശയിക്കുന്നു. കൂടുതലൊന്നും ഇപ്പോള്‍ പറയുന്നില്ല,. ഏതാനും ദിവസം കാത്തിരിക്കൂ' എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.

നേരത്തേ, സാമൂഹിക ശാസ്ത്ര പാഠ പുസ്തകത്തില്‍ കോടതികളുടെ ഘടനയും അവയുടെ ധര്‍മങ്ങളുമാണ് പഠിപ്പിച്ചിരുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായാണ് അടുത്ത കാലത്ത് ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് ഒരുഭാഗം കൂട്ടിച്ചേര്‍ത്തത്.

'സമൂഹത്തില്‍ ജുഡീഷ്യറിയുടെ പങ്ക്' എന്ന പാഠഭാഗത്താണ് അഴിമതിയെക്കുറിച്ചുള്ള പരാമര്‍ശം. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും ജില്ലാ, കീഴ്കോടതികളിലും തീര്‍പ്പാകാതെ കിടക്കുന്ന കേസുകളുടെ ഏകദേശ കണക്കുകള്‍ എന്ന പേരില്‍ കേസുകളുടെ ചില സംഖ്യകളും ഈ അധ്യായത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ ജുഡീഷ്യറിയുടെ സുതാര്യതയും വിശ്വാസവും വര്‍ധിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് പാഠഭാഗത്ത് പറയുന്നു. നീതിന്യായ വ്യവസ്ഥയിലെ അഴിമതിയും ദുര്‍ന്നടപ്പും പൊതുജനങ്ങളില്‍ അവിശ്വാസമുണ്ടാക്കുമെന്ന സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ പ്രസ്താവനയും ഈ അധ്യായത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.