യുദ്ധത്തിന്റെ ഇരകൾക്കായി പ്രാർത്ഥിക്കാം; മാർച്ച് ആറ് സീറോമലബാർ സഭയിൽ പ്രാർത്ഥനാദിനം

യുദ്ധത്തിന്റെ ഇരകൾക്കായി പ്രാർത്ഥിക്കാം; മാർച്ച് ആറ് സീറോമലബാർ സഭയിൽ പ്രാർത്ഥനാദിനം

കൊച്ചി: പശ്ചിമേഷ്യയിൽ യുദ്ധം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ മാർച്ച് ആറ് വെള്ളിയാഴ്ച പ്രാർത്ഥനാദിനമായി ആചരിക്കാൻ സീറോമലബാർ സഭയുടെ ആഹ്വാനം. സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലാണ് സഭാംഗങ്ങളോട് ഈ പ്രത്യേക പ്രാർത്ഥനയിൽ പങ്കുചേരാൻ ആവശ്യപ്പെട്ടത്.

വിവിധ രാജ്യങ്ങളിൽ വലിയ തോതിലുള്ള ജീവഹാനിയും നാശനഷ്ടങ്ങളും സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ നാളുകളിൽ ലോകം മുഴുവൻ വലിയ ഉത്കണ്ഠയിലൂടെയാണ് കടന്നുപോകുന്നത്. യുദ്ധത്തിന്റെ ഇരകളാക്കപ്പെട്ട എല്ലാവരോടും സീറോമലബാർ സഭ പ്രാർത്ഥനാപൂർണമായ പിന്തുണ അറിയിക്കുന്നതായി മേജർ ആർച്ച് ബിഷപ്പ് പ്രസ്താവനയിൽ പറഞ്ഞു.

ആയുധങ്ങൾ സർവ്വനാശവും മരണവും വേദനയും മാത്രമാണ് സമ്മാനിക്കുന്നതെന്ന് മാർ റാഫേൽ തട്ടിൽ ഓർമ്മിപ്പിച്ചു. തുറന്ന ചർച്ചകളിലൂടെ മാത്രമേ സുസ്ഥിരമായ സമാധാനവും സഹവർത്തിത്വവും സാധ്യമാകൂ. "പരിഹരിക്കാനാകാത്ത വിധം തകർച്ചയുണ്ടാകുന്നതിന് മുൻപ് ഓരോ രാജ്യവും തങ്ങളുടെ ധാർമ്മിക ഉത്തരവാദിത്വത്തെക്കുറിച്ച് ചിന്തിക്കണമെന്ന" ലിയോ പതിനാലാമൻ മാർപാപ്പയുടെ വാക്കുകൾ രാഷ്ട്രനേതാക്കൾ ഉൾക്കൊള്ളാൻ വിശ്വാസികൾ പ്രാർത്ഥിക്കണമെന്നും അദേഹം ആഹ്വാനം ചെയ്തു.

യുദ്ധത്തിന്റെ ദുരിതങ്ങൾ അനുഭവിക്കുന്ന ഗൾഫ് നാടുകളിലെ പ്രവാസി സഹോദരങ്ങൾക്കായി പ്രത്യേക പ്രാർത്ഥനകൾ നടത്തണം. പശ്ചിമേഷ്യയിൽ ശാന്തിയും സമാധാനവും കൈവരുന്നതിനും യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾ സംഭാഷണത്തിന്റെ പാത തിരഞ്ഞെടുക്കുന്നതിനും വേണ്ടി എല്ലാവരും ഒത്തൊരുമിച്ച് പ്രാർത്ഥിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.