ആറന്മുളയില്‍ അബിന്‍, പീരുമേട്ടില്‍ അലോഷ്യസ്, കായംകുളത്ത് അരിത; നിയമസഭാ തിരഞ്ഞെടുപ്പില്‍ പതിനഞ്ചോളം യുവാക്കളെ കോണ്‍ഗ്രസ് പരിഗണിക്കുന്നു

ആറന്മുളയില്‍ അബിന്‍, പീരുമേട്ടില്‍ അലോഷ്യസ്, കായംകുളത്ത് അരിത; നിയമസഭാ തിരഞ്ഞെടുപ്പില്‍ പതിനഞ്ചോളം യുവാക്കളെ കോണ്‍ഗ്രസ് പരിഗണിക്കുന്നു

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസില്‍ നിന്നും കെ.എസ്.യുവില്‍ നിന്നുമായി പത്തോളം നേതാക്കള്‍ക്ക് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ധാരണയായി.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് കൊടുങ്ങല്ലൂരില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാകും. യൂത്ത് കോണ്‍ഗ്രസ് ദേശിയ സെക്രട്ടറി അബിന്‍ വര്‍ക്കിയെ ആറന്മുള മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് ധാരണ. മുന്‍ എം.എല്‍.എ പ്രതാപവര്‍മ്മ തമ്പാന്റെ മകളും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ചൈത്ര തമ്പാനെ ചാത്തന്നൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ പേര് പീരുമേട്ടിലും ഇടുക്കിയിലും പരിഗണിക്കുന്നുണ്ട്. ഇടുക്കി മണ്ഡലം കേരള കോണ്‍ഗ്രസില്‍ നിന്ന് ഏറ്റെടുക്കുകയാണെങ്കില്‍ അവിടെയാകും മുഖ്യമായും പരിഗണിക്കുക. അല്ലെങ്കില്‍ പീരുമേട്ടില്‍ മത്സരിക്കും. അലോഷ്യസ് ഇടുക്കിയിലാണെങ്കില്‍ പീരുമേട്ടില്‍ ഒരു പുതുമുഖ വനിതയും കോണ്‍ഗ്രസിന്റെ സജീവ പരിഗണനയിലുണ്ട്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയില്‍ ചെങ്ങന്നൂരില്‍ നിന്ന് ജനവിധി തേടിയേക്കും. ഹരിപ്പാട് സ്വദേശിയാണ് ബിനു ചുള്ളിയില്‍. വൈപ്പിന്‍ നിയമസഭാ മണ്ഡലത്തില്‍ ഷാരോണ്‍ പനക്കല്‍, മനു ജേക്കബ് എന്നീ യൂത്ത് കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാള്‍ മത്സര രംഗത്തുണ്ടാകും.

കെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത് ആയിരിക്കും നാദാപുരം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. യൂത്ത് കോണ്‍ഗ്രസ് ഔട്ട് റീച്ച് സെല്‍ മുന്‍ സംസ്ഥാന ചെയര്‍പഴ്സണ്‍ ആയ മുത്താര രാജിനെ മാവേലിക്കര മണ്ഡലത്തിലേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്.

ആലപ്പുഴ ജില്ലയില്‍ അരിത ബാബുവിനെ കായംകുളത്തും ഡോ. എം.പി. പ്രവീണിനെ അരൂരിലും പരിഗണിക്കുന്നു. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി മണ്ഡലത്തില്‍ പി.എന്‍. വൈശാഖിന്റെ പേരിനാണ് മുന്‍ഗണന. തൃശൂരിലെ തന്നെ മണ്ഡലങ്ങളിലൊന്നില്‍ ഡോ. സോയ ജോസഫിന്റെ പേരും പരിഗണിക്കുന്നുണ്ട്.

കണ്ണൂര്‍ ജില്ലയിലെ സിപിഎമ്മിന്റെ ഗ്ലാമര്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയാണ് കോണ്‍ഗ്രസ് ഇത്തവണ മത്സര രംഗത്തിറക്കാന്‍ ആലോചിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടം മണ്ഡലത്തില്‍ പരിഗണിക്കുന്ന പേരുകളില്‍ മുന്‍ഗണന കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിനാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള മത്സരിക്കുന്ന തളിപ്പറമ്പ് മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബ്ദുള്‍ റഷീദ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും. കഴിഞ്ഞ തവണ തളിപ്പറമ്പില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം 2016 നെ അപേക്ഷിച്ച് പകുതിയോളമായി കുറയ്ക്കാന്‍ അബ്ദുള്‍ റഷീദിന് കഴിഞ്ഞിരുന്നു. തളിപ്പറമ്പിന് പുറമെ കണ്ണൂര്‍ മണ്ഡലത്തിലും അബ്ദുള്‍ റഷീദിന്റെ പേര് പരിഗണിക്കുന്നുണ്ട്.

തലശേരി മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.കെ. ഷിബിനയുടെ പേരും പരിഗണനയിലുണ്ട്. എലത്തൂരില്‍ വിദ്യ ബാലകൃഷ്ണന്‍, തൃക്കരിപ്പൂരില്‍ ജോമോന്‍ ജോസഫ് എന്നിവര്‍ സ്ഥാനാര്‍ഥിത്വം ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. ഇതില്‍ തൃക്കരിപ്പൂര്‍ സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്ന് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും.

യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാക്കളായ എ.എം. രോഹിത്ത് തവനൂരിലും, ജെ.എസ്. അഖില്‍ കഴക്കൂട്ടത്തും സ്ഥാനാര്‍ത്ഥിയായേക്കും. തിരുവനന്തപുരം ജില്ലയില്‍ ചലച്ചിത്ര താരം പ്രിയങ്ക, മാധ്യമ പ്രവര്‍ത്തകന്‍ രതീഷ് അനിരുദ്ധന്‍ എന്നിവരെയും സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.