ആരാധനാലയങ്ങളുടെ ഭൂമി ഇനി സുരക്ഷിതം; പാകിസ്ഥാനിലെ ക്രൈസ്തവർക്കും ഹിന്ദുക്കൾക്കും കരുത്തായി പുതിയ നിയമനിർമ്മാണം

ആരാധനാലയങ്ങളുടെ ഭൂമി ഇനി സുരക്ഷിതം; പാകിസ്ഥാനിലെ ക്രൈസ്തവർക്കും ഹിന്ദുക്കൾക്കും കരുത്തായി പുതിയ നിയമനിർമ്മാണം

ലാഹോർ: പാകിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളും സ്വത്തുവകകളും സംരക്ഷിക്കുന്നതിനായി പഞ്ചാബ് പ്രവിശ്യാ നിയമസഭയിൽ അവതരിപ്പിച്ച പുതിയ ബില്ല് വിശ്വാസി സമൂഹത്തിന് വലിയ പ്രതീക്ഷ നൽകുന്നു. ക്രിസ്ത്യൻ നിയമസഭാംഗമായ ഫാൽബസ് ക്രിസ്റ്റഫറാണ് ഈ സുപ്രധാന ബില്ല് സഭയിൽ അവതരിപ്പിച്ചത്. നിയമങ്ങളുടെ ദുർബലമായ നിർവ്വഹണവും വ്യാപകമായ ഭൂമി കൈയേറ്റവും മൂലം ന്യൂനപക്ഷങ്ങൾ നേരിടുന്ന കടുത്ത ആശങ്കകൾക്കിടയിലാണ് ഈ നീക്കം.

ക്രൈസ്തവ ദേവാലയങ്ങൾ, സിഖ് ഗുരുദ്വാരകൾ, ഹിന്ദു ക്ഷേത്രങ്ങൾ തുടങ്ങിയ ന്യൂനപക്ഷ ആരാധനാലയങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിക്കും കെട്ടിടങ്ങൾക്കും നിയമപരമായ സംരക്ഷണം നൽകുക എന്നതാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. പൊതു ഫണ്ടുകൾ, ഗ്രാന്റുകൾ, വിദേശ സംഭാവനകൾ എന്നിവയിലൂടെ നിർമ്മിക്കപ്പെട്ടതോ ധനസഹായം ലഭിക്കുന്നതോ ആയ കെട്ടിടങ്ങളെ പുറമേ നിന്നുള്ളവരുടെ അനധികൃത അവകാശവാദങ്ങളിൽ നിന്നും കൈയേറ്റങ്ങളിൽ നിന്നും സംരക്ഷിക്കാൻ ഈ നിയമം സഹായിക്കും.

പാകിസ്ഥാനിലെ ക്രിസ്ത്യാനികൾക്ക് വലിയ ആശ്വാസം നൽകുന്ന നീക്കമാണിതെന്ന് അന്താരാഷ്ട്ര ക്രൈസ്തവ സന്നദ്ധ സംഘടനയായ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി) പ്രതികരിച്ചു. നിലവിലുള്ള നിയമങ്ങളുടെ പഴുതുകൾ ഉപയോഗിച്ചും അധിനിവേശത്തിലൂടെയും ന്യൂനപക്ഷങ്ങൾക്ക് സ്വത്ത് നഷ്ടമാകുന്ന ദീർഘകാല പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഈ നിയമ നിർമ്മാണത്തിലൂടെ സാധിക്കുമെന്ന് കരുതപ്പെടുന്നു.

പാകിസ്ഥാനിലെ ഏറ്റവും ജനസംഖ്യയുള്ള പഞ്ചാബ് പ്രവിശ്യയിൽ ഈ നിയമം അംഗീകരിക്കപ്പെട്ടാൽ അത് രാജ്യത്തെ മറ്റ് പ്രവിശ്യകളിലും സമാനമായ നിയമ നിർമ്മാണങ്ങൾക്ക് വഴിതെളിക്കുമെന്നാണ് നിരീക്ഷകർ കരുതുന്നത്. ഇത് പാകിസ്ഥാനിലെ ന്യൂനപക്ഷ സുരക്ഷാ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.