ഖൊമേനിയുടെ മകന്‍ മൊജ്താബ ഹുസൈനി ഖൊമേനി ഇറാന്റെ പരമോന്നത നേതാവ്

ഖൊമേനിയുടെ മകന്‍ മൊജ്താബ ഹുസൈനി ഖൊമേനി ഇറാന്റെ പരമോന്നത നേതാവ്

മൊജ്താബയുടെ നിയമനത്തോടെ ഇറാനിലെ പരമോന്നത അധികാരം വീണ്ടും ഖൊമേനി കുടുംബത്തില്‍ തന്നെ നിലനിര്‍ത്തപ്പെട്ടിരിക്കുകയാണ്.

ടെഹ്റാന്‍: അമേരിക്ക-ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി കൊല്ലപ്പെട്ടതോടെ ഖൊമേനിയുടെ രണ്ടാമത്തെ മകന്‍ മൊജ്താബ ഹുസൈനി ഖൊമേനിയെ രാജ്യത്തിന്റെ അടുത്ത പരമോന്നത നേതാവായി അസംബ്ലി ഓഫ് എക്സ്‌പേര്‍ട്ട് തിരഞ്ഞെടുത്തു.

ഖൊമേനിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ ആയത്തുള്ള അലി റെസ അറാഫിയെ ഇടക്കാല നേതാവായി കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു. മൊജ്താബ ഖൊമേനി ഔദ്യോഗികമായി അധികാരമേല്‍ക്കുന്നത് വരെ അറാഫി നേതൃസ്ഥാനത്ത് തുടരും.

ഇറാന്‍ ഇന്റര്‍നാഷണലും ഇസ്രയേല്‍ മാധ്യമങ്ങളുമാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് യു.എസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ ആയത്തുള്ള അലി ഖൊമേനി കൊല്ലപ്പെട്ടത്.

ഖൊമേനിയുടെ മരണത്തിന് പിന്നാലെ തന്നെ ഇറാന്റെ അടുത്ത പരമോന്നത നേതാവ് ആരാകുമെന്ന ചോദ്യം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ആ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട പേരുകളിലൊന്നാണ് ഖൊമേനിയുടെ രണ്ടാമത്തെ മകന്‍ മൊജ്താബ ഖൊമേനിയുടേത്.

ഇറാന്റെ അധികാരമേഖലകളില്‍ നിര്‍ണായക സ്വാധീനവും പരിചയവുമുള്ള വ്യക്തിയാണ് മൊജ്താബ. ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐആര്‍ജിസി) ശക്തമായ സമ്മര്‍ദത്തിന് വഴങ്ങിയാണ് പുരോഹിത സഭ മൊജ്താബയെ തിരഞ്ഞെടുത്തതെന്ന് പറയപ്പെടുന്നു.

ആരാണ് മൊജ്താബ ഹുസൈനി ഖൊമേനി?


ആയത്തുള്ള അലി ഖൊമേനിയുടെ രണ്ടാമത്തെ മകനാണ് മൊജ്താബ ഹുസൈനി ഖൊമേനി (56). ദീര്‍ഘകാലമായി ഇറാന്റെ രാഷ്ട്രീയ-സൈനിക തലങ്ങളിലെ കരുത്തുറ്റ സാന്നിധ്യമാണ് മൊജ്താബ. 1969 സെപ്റ്റംബര്‍ എട്ടിനാണ് മുജ്തബയുടെ ജനനം.

പിതാവ് ആയത്തുള്ള അലി ഖൊമേനിയുടെ ഓഫീസിന്റെ ഭരണം നിയന്ത്രിച്ചിരുന്നത് ഇദേഹമായിരുന്നു. ഇറാനില്‍ ജനുവരിയിലുണ്ടായ ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്നതില്‍ നേതൃത്വം നല്‍കിയതും മൊജ്താബ ആയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഐആര്‍ജിസിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അദേഹം രാജ്യത്തെ സുരക്ഷാ-സൈനിക നീക്കങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. ഇറാന്‍-ഇറാഖ് യുദ്ധകാലം മുതല്‍ സൈനിക കേന്ദ്രങ്ങളുമായി മൊജ്താബ സജീവ ബന്ധം പുലര്‍ത്തുന്നുണ്ട്. മൊജ്താബയുടെ നിയമനത്തോടെ ഇറാനിലെ പരമോന്നത അധികാരം വീണ്ടും ഖൊമേനി കുടുംബത്തില്‍ തന്നെ നിലനിര്‍ത്തപ്പെട്ടിരിക്കുകയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.