കോഴിക്കോട്: നിര്‍ദിഷ്ട വയനാട് തുരങ്ക പാതയുടെ ഫസ്റ്റ് ബ്ലാസ്റ്റ് സ്വിച്ച് ഓണ്‍ കര്‍മ്മം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മറിപ്പുഴ പദ്ധതിപ്രദേശത്താണ് സ്വിച്ച് ഓണ്‍ കര്‍മ്മങ്ങള്‍ നടന്നത്. സുരക്ഷാ പരിശോധനകളുള്‍പ്പടെയുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായിരുന്നു ബ്‌ളാസ്റ്റ് നടത്തിയത്.
വടക്കന്‍ കേരളത്തിന്റെ യാത്രാ ദുരിതത്തിന് അറുതി വരുത്തുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ നിര്‍മാണം പൂര്‍ത്തിയായാല്‍ ചുരം കയറാതെ വയനാട്ടിലെത്താം. നിറഞ്ഞ സന്തോഷത്തോടെയും അഭിമാനത്തോടെയും വലിയ പ്രതീക്ഷയോടെയും എല്ലാവരുടെയും അനുമതിയോടെയും സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.
പതിറ്റാണ്ടുകളായുള്ള നാടിന്റെ ആവശ്യമാണ് വയനാട് തുരങ്ക പാത. 2025 ഓഗസ്റ്റ് 31 നാണ് മുഖ്യമന്ത്രി തുരങ്ക പാതയുടെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചത്. ഏകദേശം 8.7 കിലോ മീറ്റര്‍ നീളമുള്ള തുരങ്ക പാത പൂര്‍ത്തിയാകുന്നതോടെ കോഴിക്കോട്-വയനാട് യാത്രാസമയം പകുതിയായി കുറയും.
രണ്ടായിരം കോടിയിലധികം രൂപയാണ് ചെലവ്. പരിസ്ഥിതി സൗഹൃദമായ രീതിയില്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തുരങ്കം നിര്‍മിക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു.
നാല് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് ശ്രമം. കോഴിക്കോട് ജില്ലയിലെ മറിപ്പുഴ ഭാഗത്തു നിന്നാണ് പാറതുരക്കലിന് ആരംഭം കുറിച്ചത്. വൈകാതെ തന്നെ വയനാട് ജില്ലയിലെ മേപ്പാടി ഭാഗത്തു നിന്ന് പാറതുരക്കല്‍ പ്രവൃത്തികള്‍ ആരംഭിക്കും. ഒരേ സമയത്തു തന്നെ രണ്ട് ഭാഗത്തു നിന്നും തുരന്നു പോകുന്നതാണ് നിര്‍മാണ രീതി. മലബാര്‍ മേഖലയുടെ വിനോദസഞ്ചാര-വാണിജ്യ മേഖലകളില്‍ വന്‍ കുതിച്ചുചാട്ടത്തിന് ഈ പാത വഴിതുറക്കും.
കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. തുരങ്ക പാതയുടെ നിര്‍മാണക്കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള ദിലീപ് ബില്‍ഡ്കോണ്‍ കമ്പനിയും സ്റ്റീല്‍ ബോസ്ട്രിങ് പാലത്തിന്റെ കരാര്‍ ഹരിയാന ആസ്ഥാനമായ പുനിയ കണ്‍സ്ട്രക്ഷന്‍ കമ്പനിയുമാണ് ഏറ്റെടുത്തിരിക്കുന്നത്. കിഫ്ബിയില്‍ നിന്ന് 2134.50 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.