ഇറാൻ പടക്കപ്പൽ 'ഐആര്‍ഐഎസ് ലാവന്‍' കൊച്ചിയിൽ; മൂന്നാം കപ്പലിനും അഭയം നൽകി ഇന്ത്യ: കപ്പലിൽ 183 ജീവനക്കാർ

ഇറാൻ പടക്കപ്പൽ 'ഐആര്‍ഐഎസ് ലാവന്‍' കൊച്ചിയിൽ; മൂന്നാം കപ്പലിനും അഭയം നൽകി ഇന്ത്യ: കപ്പലിൽ 183 ജീവനക്കാർ

കൊച്ചി: ഇറാന്‍ നാവികസേനയുടെ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു. ഐആര്‍ഐഎസ് ലാവന്‍ കപ്പല്‍ ബുധനാഴ്ചയാണ് കൊച്ചിയിലെത്തിയത്. 183 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ജീവനക്കാരെ സുരക്ഷിതരായി താമസസ്ഥലത്തേക്ക് മാറ്റി.

സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടതെന്നാണ് സൂചന. ജീവനക്കാരെ കൊച്ചിയിലെ നാവിക താവളത്തിലേക്കാണ് മാറ്റിയത്. മാര്‍ച്ച് നാല് മുതല്‍ കപ്പല്‍ കൊച്ചിയിലുണ്ടായിരുന്നു. ഫെബ്രുവരി 28 ന് ഇറാന്‍ നല്‍കിയ അഭ്യര്‍ഥന പരിഗണിച്ച് മാര്‍ച്ച് ഒന്നിന് കപ്പല്‍ കൊച്ചി തീരത്ത് നങ്കൂരമിടാന്‍ കേന്ദ്രം അനുമതി നല്‍കുകയായിരുന്നു. വിശാഖപട്ടണത്ത് നടന്ന അന്താരാഷ്ട്ര കപ്പല്‍പ്പട പ്രദര്‍ശനത്തിനായി എത്തിയ ഈ കപ്പലിനെ കൊച്ചിയില്‍ പ്രവേശിപ്പിക്കാന്‍ ഇറാന്‍ ഇന്ത്യയുടെ സഹായം തേടുകയായിരുന്നു.

മാര്‍ച്ച് ഒന്നിന് ഇതിനുള്ള അനുമതി നല്‍കുകയും മാര്‍ച്ച് നാലിന് കപ്പല്‍ കൊച്ചിയില്‍ അടുപ്പിക്കുകയും ചെയ്തു. ഇറാന്റെ മറ്റൊരു കപ്പലായ ഐആര്‍ഐഎസ് ബുഷര്‍ കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ തീരത്ത് എത്തിയിരുന്നു. ഐആര്‍ഐഎസ് ലാവനും ഐആര്‍ഐഎസ് ബുഷറും അന്താരാഷ്ട്ര കപ്പല്‍ പ്രദര്‍ശനത്തിന് എത്തിയതായിരുന്നു.

ഫെബ്രുവരി 26 ന് രണ്ട് കപ്പലുകളും മുംബൈയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പിന്നീട് ലാവൻ എവിടെയാണെന്നതിനെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഉണ്ടായിരുന്നില്ല. അഭ്യൂഹങ്ങള്‍ക്കിടയിലാണ് കപ്പല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സുരക്ഷിത കവചത്തിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.

ഇറാന്റെ മറ്റൊരു കപ്പലായ ഐആര്‍ഐഎസ് സഹന്ദ് വിശാഖപട്ടണത്ത് നടന്ന അന്താരാഷ്ട്ര സീ റിവ്യൂവില്‍ പങ്കെടുത്തിരുന്നു. അതിന് ശേഷം ഇതേ പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെയാണ് ശ്രീലങ്കൻ തീരത്തിനടുത്ത് ഇറാന്റെ യുദ്ധക്കപ്പലായ ഐആര്‍ഐഎസ് ദേനക്ക് നേരെ അമേരിക്കൻ അന്തർവാഹിനിയുടെ ആക്രമണം ഉണ്ടായത്. ആക്രമണണത്തിൽ 87 ജീവനക്കാർ കൊല്ലപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.