ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വാര്‍ത്താ ചാനലുകള്‍ക്ക് റേറ്റിങ് നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ഒരു മാസത്തേക്ക് താല്‍കാലികമായി നിര്‍ത്തി വയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.
ചാനലുകള്‍ക്ക് റേറ്റിങ് നല്‍കുന്ന സ്ഥാപനമായ ബാര്‍ക്കിനാണ് വാര്‍ത്താ വിതരണ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടിങില്‍ അമിതമായ നാടകീയത കടന്നു വരുന്നുവെന്നും അനാവശ്യ പൊതുജന ഉത്കണ്ഠയ്ക്ക് ഇത്തരം റിപ്പോര്‍ട്ടിങുകള്‍ കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
രാജ്യത്തെ നിരവധി ചാനലുകള്‍ കാഴ്ചക്കാര്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്ന തരത്തിലാണ് യുദ്ധത്തിന്റെ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നത്. ഇക്കാര്യങ്ങള്‍ കേന്ദ്രം നിരീക്ഷിച്ചു വരികയായിരുന്നു. വ്യൂവര്‍ഷിപ്പ് ഡാറ്റ പ്രസിദ്ധീകരിക്കുന്നത് താല്‍കാലികമായി നിര്‍ത്തി വയ്ക്കുന്നതിലൂടെ സെന്‍സേഷണല്‍ ഉള്ളടക്കം സൃഷ്ടിച്ച് റേറ്റിങ് ഉയര്‍ത്താനുള്ള ചാനലുകളുടെ മത്സരം കുറയ്ക്കാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
ഒരു മാസത്തേയ്ക്കാണ് നിലവില്‍ നിര്‍ത്തി വയ്ക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഈ കാലയളവില്‍ ചാനലുകള്‍ക്ക് യുദ്ധ വാര്‍ത്തകള്‍ പതിവു പോലെ സംപ്രേഷണം ചെയ്യാം. എന്നാല്‍ കാഴ്ചക്കാരുടെ എണ്ണം സംബന്ധിച്ച കണക്കുകള്‍ പുറത്തു വിടാന്‍ പാടില്ല.
സസ്‌പെന്‍ഷന്‍ കാലയളവിലെ വാര്‍ത്താ കവറേജുകള്‍ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കും. പരിഭ്രാന്തി പരത്തുന്ന തരത്തിലോ പൊതുജനത്തെ ഉത്കണ്ഠപ്പെടുത്തുന്ന തരത്തിലോ വീണ്ടും റിപ്പോര്‍ട്ടുകള്‍ വന്നാല്‍ റേറ്റിങ് നിരോധനത്തിന്റെ കാലാവധി വീണ്ടും നീട്ടിയേക്കുമെന്നും സൂചനകളുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.