ആണവ ബോംബുകള്‍ നിര്‍മിക്കുമെന്ന് ഭയം; ഇറാന്റെ യുറേനിയം ശേഖരം പിടിച്ചെടുക്കാന്‍ സംയുക്ത നീക്കത്തിനൊരുങ്ങി അമേരിക്കയും ഇസ്രയേലും

ആണവ ബോംബുകള്‍ നിര്‍മിക്കുമെന്ന് ഭയം; ഇറാന്റെ യുറേനിയം ശേഖരം പിടിച്ചെടുക്കാന്‍ സംയുക്ത നീക്കത്തിനൊരുങ്ങി അമേരിക്കയും ഇസ്രയേലും

ഇറാന്റെ എണ്ണ കയറ്റുമതിയുടെ പ്രധാന ഹബ്ബായ ഖാര്‍ഗ് ഐലന്‍ഡ് പിടിച്ചെടുക്കാനും ആലോചന.

വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ യുദ്ധം ഒരാഴ്ച പിന്നിടുമ്പോള്‍ ഇറാനെ വരിഞ്ഞു മുറുക്കാനൊരുങ്ങി അമേരിക്കയും ഇസ്രയേലും. ഇറാന്റെ യുറേനിയം ശേഖരം പിടിച്ചെടുക്കാന്‍ പ്രത്യേക സൈനിക നീക്കത്തിന് ഇരു രാജ്യങ്ങളും ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കുന്നതിനോ നശിപ്പിക്കുന്നതിനോ വേണ്ടി പ്രത്യേക സൈനിക യൂണിറ്റുകളെ അവിടേക്ക് അയക്കുന്ന കാര്യം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരിഗണിക്കുന്നതായാണ് വിവരം. ഇതു സംബന്ധിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി അദേഹം ഫോണില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഇറാനില്‍ വന്‍തോതിലുള്ള സൈനികാക്രമണം നടത്തുന്നതിന് പകരം, ചെറിയ പ്രത്യേക സൈനിക സംഘങ്ങളെ ഉപയോഗിച്ചുള്ള മിന്നലാക്രമണമാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്നാണ് സൂചന.

ഇറാനില്‍ നിന്നും യുറേനിയം നേരിട്ട് കടത്തിക്കൊണ്ടു വരികയോ അല്ലെങ്കില്‍ അവിടെ വെച്ച് തന്നെ നശിപ്പിക്കുകയോ ചെയ്യുക എന്നതാണ് ഉദേശിക്കുന്നത്. ഈ വിഷയത്തില്‍ അന്തിമ തീരുമാനം യു.എസ് പ്രസിഡന്റ്, വാര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, സിഐഎ എന്നിവര്‍ ചേര്‍ന്ന് കൈക്കൊള്ളും.

നിലവില്‍ ഇറാന്റെ പക്കല്‍ 450 കിലോയോളം 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ഉണ്ടെന്നാണ് അമേരിക്കയും ഇസ്രയേലും പറയുന്നത്. ഇത് ഉപയോഗിച്ച് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ 11 ആണവ ബോംബുകള്‍ വരെ നിര്‍മിക്കാന്‍ ഇറാന് കഴിയുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളാണ് അമേരിക്കയെയും ഇസ്രയേലിനെയും ഇറാനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്.

ഇത് കൂടാതെ, ഇറാന്റെ സാമ്പത്തിക സ്രോതസ് തടയുന്നതിനായി അവരുടെ എണ്ണ കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാര്‍ഗ് ഐലന്‍ഡ് പിടിച്ചെടുക്കുന്ന കാര്യവും ഗൗരവമായി സഖ്യകക്ഷികള്‍ പരിഗണിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.