ഗണേഷ് കുമാര്‍ വിവാദം ഒത്തുതീര്‍പ്പിലേക്ക്: ഭാര്യയെ വിളിച്ച് മന്ത്രി ക്ഷമാപണം നടത്തി; പരാതി നല്‍കുന്നില്ലെന്ന് ബിന്ദു മേനോന്‍

ഗണേഷ് കുമാര്‍ വിവാദം ഒത്തുതീര്‍പ്പിലേക്ക്: ഭാര്യയെ വിളിച്ച് മന്ത്രി ക്ഷമാപണം നടത്തി; പരാതി നല്‍കുന്നില്ലെന്ന് ബിന്ദു മേനോന്‍

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോന്റെ ആരോപണം ഒത്തുതീര്‍പ്പിലേയ്‌ക്കെന്ന് റിപ്പോര്‍ട്ട്. ഗണേശ് കുമാര്‍ ബിന്ദുവിനെ വിളിച്ച് ക്ഷമാപണം നടത്തി. ഇന്നലെ തന്റെ സഹോദരിയോട് സംസാരിച്ചെന്നും മാപ്പ് പറഞ്ഞെന്നും ബിന്ദു വ്യക്തമാക്കി.

'ഞാന്‍ ഇന്നലെ ഫോണ്‍ എടുക്കാത്തതിനാല്‍ ഗണേഷ് എന്റെ സഹോദരിയോട് സംസാരിച്ചു. തെറ്റ് പറ്റിപ്പോയിയെന്ന് പറഞ്ഞ് ക്ഷമാപണം നടത്തി. എനിക്ക് നിയമപരമായി പോകണമെന്നില്ല. ഞാന്‍ ഇന്നലെ നടത്തിയത് വൈകാരിക പ്രതികരണമാണ്. ഇത്രയും വര്‍ഷത്തിനിടെ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബന്ധം ഉപേക്ഷിച്ച് പോകുന്നില്ല.

എല്ലാവര്‍ക്കും തെറ്റ് പറ്റും. മന്ത്രിയായത് കൊണ്ട് അത് ലോകം മുഴുവന്‍ അറിഞ്ഞു. മന്ത്രി ഇതിന് സമൂഹത്തോട് ക്ഷമാപണം ചോദിക്കേണ്ട ആവശ്യമില്ല. എന്നോട് ചോദിച്ചാല്‍ മതിയല്ലോ? ഇനി ഇതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വേണ്ട. എല്ലാവരോടും ഞാന്‍ അതാണ് ആവശ്യപ്പെടുന്നത്'- ബിന്ദു വ്യക്തമാക്കി.

മന്ത്രി കെ.ബി ഗണേഷ് കുമാറിനെ വാളകത്തെ കുടുംബ വീട്ടില്‍ മറ്റൊരു സ്ത്രീയോടൊപ്പം കണ്ടെന്നും തനിക്കുനേരെ മന്ത്രിയുടെ ജീവനക്കാര്‍ ബലപ്രയോഗം നടത്തിയെന്നുമാണ് കഴിഞ്ഞ ദിവസം ഭാര്യ ബിന്ദു മേനോന്‍ വെളിപ്പെടുത്തിയത്. സഹായത്തിന് പൊലീസിനെ വിളിച്ചിട്ടും സംരക്ഷണം കിട്ടിയില്ലെന്നും ബിന്ദു ആരോപിച്ചിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ബലപ്രയോഗത്തിലൂടെ പിടിച്ചു വാങ്ങാന്‍ സ്റ്റാഫ് ശ്രമിച്ചു. ജീവന്‍ അപകടത്തിലാവുമെന്ന് തോന്നിയപ്പോള്‍, സഹോദര ഭാര്യയും മുന്‍ ഡി.ജി.പിയും തലസ്ഥാനത്തെ കൗണ്‍സിലറുമായ ആര്‍. ശ്രീലേഖയെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചെന്നും അവരുടെ നിര്‍ദേശ പ്രകാരമാണ് പൊലീസിനെ വിളിച്ചതെന്നും ബിന്ദു മേനോന്‍ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.