നാളെ മുതല്‍ വിമാന യാത്രയ്ക്ക് ചെലവേറും; ടിക്കറ്റ് നിരക്കിനൊപ്പം ഇന്ധന സര്‍ചാര്‍ജ് കൂടി ഏര്‍പ്പെടുത്താന്‍ നീക്കം

നാളെ മുതല്‍ വിമാന യാത്രയ്ക്ക് ചെലവേറും; ടിക്കറ്റ് നിരക്കിനൊപ്പം ഇന്ധന സര്‍ചാര്‍ജ് കൂടി ഏര്‍പ്പെടുത്താന്‍ നീക്കം

പശ്ചിമേഷ്യന്‍ രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള വിമാന ടിക്കറ്റുകള്‍ക്ക് സര്‍ചാര്‍ജ് പത്ത് ഡോളര്‍ വരെ ഈടാക്കും.

ന്യൂഡല്‍ഹി: നാളെ മുതല്‍ വിമാന യാത്രകള്‍ക്ക് ചെലവ് കൂടും. ഊര്‍ജ്ജ മേഖലയില്‍ ഉടലെടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഈ മാസം 12 മുതല്‍ ടിക്കറ്റ് നിരക്കിനൊപ്പം ഇന്ധന സര്‍ചാര്‍ജ് കൂടി ഏര്‍പ്പെടുത്തുമെന്ന് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും വ്യക്തമാക്കി. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച പുലര്‍ച്ചെ ഒന്ന് മുതല്‍ ബുക്ക് ചെയ്യുന്ന ആഭ്യന്തര സര്‍വീസുകളിലെ ടിക്കറ്റുകള്‍ക്കൊപ്പം 399 രൂപ അധികമായി ഈടാക്കും.

മാലദ്വീപ്, ശ്രീലങ്ക, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കും ഇതേ നിരക്ക് ബാധകമായിരിക്കും. ഏവിയേഷന്‍ ഫ്യുവലിന്റെ വിലയില്‍ ഉണ്ടായ വര്‍ധനവാണ് ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയതിന് പിന്നിലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. പശ്ചിമേഷ്യന്‍ രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള വിമാന ടിക്കറ്റുകള്‍ക്ക് പത്ത് ഡോളര്‍ വരെ ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്താനാണ് തീരുമാനം. ഇത് പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് യാത്ര ചെയ്യുമ്പോള്‍ അധിക ബാധ്യതയാകും.

ഏവിയേഷന്‍ ഇന്ധനത്തിന്റെ വില കൂടുന്നത് ഓപ്പറേഷന്‍ കോസ്റ്റിനെ കാര്യമായി സ്വാധീനിക്കുമെന്ന് വിമാനക്കമ്പനികള്‍ വ്യക്തമാക്കുന്നു. ആകെ ചെലവിന്റെ 40 ശതമാനം വരെ ഇന്ധനത്തിനാണ് മുടക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ധനത്തിന് വില വര്‍ധിക്കുമ്പോള്‍ സര്‍ചാര്‍ജ് കൂട്ടുകയല്ലാതെ പിടിച്ച് നില്‍ക്കാന്‍ മറ്റ് വഴികളില്ലെന്നാണ് കമ്പനികളുടെ വാദം. മാര്‍ച്ച് തുടക്കം മുതല്‍ വിലയില്‍ കാര്യമായ വര്‍ധനവ് ഉണ്ടായതായി കമ്പനി ചൂണ്ടിക്കാട്ടി.

എയര്‍ ഇന്ത്യയുടെ ചുവട് പിടിച്ച് മറ്റ് കമ്പനികളും ഇന്ധന സര്‍ചാര്‍ജ് പ്രഖ്യാപിച്ചേക്കും. അതേസമയം നിലവില്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് സര്‍ചാര്‍ജ് ഈടാക്കില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.