ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ പാചക വാതക വിതരണം പ്രതിസന്ധിയില്‍. എണ്ണക്കമ്പനികള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍.പി.ജി വിതരണം നിറുത്തിവെച്ചിരിക്കുകയാണ്. ഇറാന്‍ യുദ്ധംമൂലം ഗള്‍ഫ് രാജ്യങ്ങള്‍ ഉല്‍പാദനം കുറച്ചതും ഹോര്‍മുസ് കടലിടുക്കിലൂടെ ഗതാഗതം തടസപ്പെട്ടതുമാണ് ക്ഷാമത്തിന് കാരണമായി വിലയിരുത്തുന്നത്.
ഗാര്‍ഹിക കണക്ഷനും നിയന്ത്രണത്തോടെയാണ് നല്‍കുന്നത്. കഴിഞ്ഞ ആഴ്ച വരെ ബുക്ക് ചെയ്താല്‍ അടുത്ത ദിവസം ഗ്യാസ് കിട്ടുമായിരുന്നു. ഇപ്പോള്‍ ബുക്കിങ് ഇടവേള 25 ദിവസമാക്കിയിരിക്കുകയാണ്. അതേസമയം ഗാര്‍ഹിക സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ അവശ്യ സാധന നിയമം നടപ്പാക്കിയിരുന്നു. ഇതനുസരിച്ച് എല്‍.പി.ജി, സി.എന്‍.ജി, പൈപ്പ്ഡ് ഗ്യാസ് തുടങ്ങിയ മുന്‍ഗണന മേഖലകള്‍ക്ക് നല്‍കിയ ശേഷമേ പ്രകൃതി വാതകം മറ്റുള്ളവര്‍ക്ക് ലഭ്യമാക്കൂ.
സി.എന്‍.ജി, പൈപ്പ്ഡ് പാചക വാതകം എന്നിവ മാത്രമാണ് പ്രകൃതി വാതക വിതരണത്തില്‍ മുന്‍ഗണന നല്‍കിയിരുന്നത്. അവശ്യ സേവന മേഖലകളായ ആശുപത്രികള്‍, സ്‌കൂളുകള്‍ തുടങ്ങിയ മുന്‍ഗണനാ മേഖലകളിലേക്ക് മാത്രമായി വാണിജ്യ എല്‍.പി.ജി സിലിണ്ടറുകളുടെ വിതരണം നിയന്ത്രിക്കും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ഗാര്‍ഹികേതര മേഖലകള്‍ക്കും പാചക വാതകം ഉറപ്പാക്കുന്നതിന് ഉല്‍പാദനം വര്‍ധിപ്പിക്കാനും ആവശ്യമായ സ്റ്റോക്ക് സൂക്ഷിക്കാനും പെട്രോളിയം മന്ത്രാലയം നടപടി തുടങ്ങിയതായി ബി.പി.സി.എല്ലും ഐ.ഒ.സിയും എച്ച്.പി.സി.എല്ലും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
കൂടാതെ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയ വാണിജ്യ മേഖലകളില്‍ പാചകവാതക ലഭ്യത ഉറപ്പാക്കുന്നതിനെ കുറച്ച് ആലോചിക്കാന്‍ മൂന്ന് എണ്ണക്കമ്പനികളുടെയും എക്സിക്യുട്ടീവ് ഡയറക്ടര്‍മാരെ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ സമിതി രൂപീകരിച്ചു. ഒപ്പം പാചകവാതക ക്ഷാമവും ഇന്ധന വില വര്‍ധനയും ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗവും ചേര്‍ന്നിരുന്നു. ഇന്ധന വിതരണ ശൃംഖലയില്‍ ഉണ്ടായ തടസം പരിഹരിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു.
റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് എണ്ണയും പ്രകൃതി വാതകവും വാങ്ങുന്നതിനുള്ള സാധ്യതയും വിദേശകാര്യ മന്ത്രാലയം പരിശോധിക്കുന്നുണ്ട്. സാധാരണക്കാരെ ബാധിക്കാത്ത വിധം വില പിടിച്ചുനിര്‍ത്താനുള്ള സാമ്പത്തിക പാക്കേജുകളും യോഗം ചര്‍ച്ച ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.