കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന ദേശീയപാത വികസന പദ്ധതികളുടെ കൊച്ചിയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് പരിപാടി സംസ്ഥാന സര്‍ക്കാര്‍ ബഹിഷ്‌കരിക്കും.
ക്ഷണമുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ല. മുഖ്യമന്ത്രിക്കു പുറമേ മന്ത്രിമാരായ എം.ബി രാജേഷ്, കെ. കൃഷ്ണന്‍കുട്ടി എന്നിവരെയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ തുടങ്ങിയവര്‍ക്കും എംപിമാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, ഉമ തോമസ് എംഎല്‍എ എന്നിവര്‍ക്കും ക്ഷണമുണ്ട്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രിക്കു പുറമെ, സംസ്ഥാന മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കില്ല. തന്നെ ഒഴിവാക്കിയത് എന്തിനെന്ന് അറിയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ ഇന്നേവരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ഒഴിവാക്കിയിട്ടില്ല. ഏതു മുന്നണിയുടെ മന്ത്രിയായാലും ഒഴിവാക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും മുഹമ്മദ് റിയാസ് ചോദിച്ചു.
സംസ്ഥാനത്ത് ദേശീയപാത 66 ആറു വരിയാക്കുന്ന പണി നടക്കുന്ന 23 റീച്ചുകളില്‍ ആദ്യം പൂര്‍ത്തിയായ തലപ്പാടി-ചെങ്കള റീച്ചാണ് പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നത്. ദേശീയപാതയുടെ വെങ്ങളം- രാമനാട്ടുകര റീച്ചും ഇതില്‍ ഉള്‍പ്പെടും. വെങ്ങളം മുതല്‍ രാമനാട്ടുകര വരെ ആറു വരിപ്പാതയായി നവീകരിച്ച കോഴിക്കോട് ബൈപ്പാസ്, പ്രധാനമന്ത്രി ഗ്രാമ സഡക് യോജനപ്രകാരം നിര്‍മിച്ച 23 ഗ്രാമീണ റോഡുകള്‍ തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും മോഡി നിര്‍വഹിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.