പ്രതികാരത്തിന് പകരം സ്നേഹം; വിദ്യാർത്ഥികളുടെ 'പ്രാങ്ക്' അധ്യാപകന്റെ ജീവനെടുത്തിട്ടും അവർക്ക് മാപ്പുനൽകി ഭാര്യ

പ്രതികാരത്തിന് പകരം സ്നേഹം; വിദ്യാർത്ഥികളുടെ 'പ്രാങ്ക്' അധ്യാപകന്റെ ജീവനെടുത്തിട്ടും അവർക്ക് മാപ്പുനൽകി ഭാര്യ

അറ്റ്ലാന്റ: പ്രതികാരം ചെയ്യാനും നിയമ നടപടികളിലൂടെ ശിക്ഷിക്കാനും വെമ്പുന്ന ഇന്നത്തെ ലോകത്ത് ക്ഷമയുടെയും സ്നേഹത്തിന്റെയും ഉദാത്ത മാതൃകയാവുകയാണ് ഒരു കുടുംബം. അമേരിക്കയിലെ ജോർജിയയിലുള്ള നോർത്ത് ഹാൾ ഹൈസ്കൂളിലെ പ്രിയപ്പെട്ട അധ്യാപകനായ ജെയ്‌സൺ ഹ്യൂസിന്റെ ജീവൻ നഷ്ടപ്പെട്ടത് വിദ്യാർത്ഥികൾ ഒപ്പിച്ച ഒരു കൊച്ചു അബദ്ധത്തിൽ നിന്നാണ്. എന്നാൽ ആ വിദ്യാർത്ഥികളെ തടവറയിലേക്ക് അയക്കുന്നതിന് പകരം ഹൃദയത്തോട് ചേർത്തുപിടിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ ആ സംഭവം നടന്നത്. നോർത്ത് ഹാൾ ഹൈസ്കൂളിലെ അഞ്ച് വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ ഒന്നു 'പറ്റിക്കാൻ' അദേഹത്തിന്റെ വീട്ടിലെത്തി. അധ്യാപകന്റെ വീടിനു ചുറ്റും ടോയ്‌ലറ്റ് പേപ്പർ ചുറ്റി അലങ്കോലമാക്കുന്ന വിനോദമായിരുന്നു അവർ ലക്ഷ്യമിട്ടത്.

​വീടിനു പുറത്ത് ശബ്ദം കേട്ട് ഇറങ്ങി വന്ന ജെയ്‌സൺ കുട്ടികളെ തമാശരൂപേണ പിടികൂടാനായി അവരുടെ അടുത്തേക്ക് ഓടി. എന്നാൽ അധ്യാപകനെ കണ്ട് വെപ്രാളപ്പെട്ട വിദ്യാർത്ഥികൾ കാറിൽ കയറി വേഗത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ കാൽവഴുതി വീണ ജെയ്‌സന്റെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു. അപകടം നടന്നയുടനെ വിദ്യാർത്ഥികൾ ഓടിയെത്തി പ്രഥമശുശ്രൂഷ നൽകിയെങ്കിലും ആശുപത്രിയിൽ വെച്ച് അദേഹം മരണത്തിന് കീഴടങ്ങി. ഒരു നിമിഷം കൊണ്ട് ആ തമാശ ഒരു വലിയ ദുരന്തമായി മാറി.

അപകടത്തിന് കാരണമായ വാഹനം ഓടിച്ച വിദ്യാർത്ഥിക്കെതിരെ നരഹത്യാ കുറ്റമടക്കം ചുമത്തി പോലീസ് കർശന നിയമ നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു. പ്രിയപ്പെട്ട അധ്യാപകനെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിനൊപ്പം ജയിൽ ശിക്ഷയും ആ വിദ്യാർത്ഥികളുടെ ഭാവിയെ ഇരുട്ടിലാക്കി.

​ഈ ഘട്ടത്തിലാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ജെയ്‌സന്റെ ഭാര്യയും ഇതേ സ്കൂളിലെ അധ്യാപികയുമായ ലോറ ഹ്യൂസ് രംഗത്തെത്തിയത്. വിദ്യാർത്ഥികൾക്കെതിരെയുള്ള എല്ലാ കേസുകളും അടിയന്തരമായി പിൻവലിക്കണമെന്ന് അവർ അധികൃതരോട് ആവശ്യപ്പെട്ടു.

"അദേഹം തന്റെ ജീവിതം മുഴുവൻ നീക്കിവെച്ചത് കുട്ടികളുടെ ഉന്നമനത്തിനു വേണ്ടിയാണ്. ഒരു അബദ്ധത്തിന്റെ പേരിൽ ആ വിദ്യാർത്ഥികളുടെ ജീവിതം തകരുന്നത് കാണാൻ ഒരിക്കലും ആഗ്രഹിക്കില്ല. ഒരു ദുരന്തം കൊണ്ട് ഒരു കുടുംബം തകർന്നു, ശിക്ഷാ നടപടികളിലൂടെ മറ്റൊരു ദുരന്തം കൂടി ഉണ്ടാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല," ലോറ വേദനയോടെ പറഞ്ഞു.

തങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നതുപോലെ തന്നെ ആ വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടിയും പ്രാർത്ഥിക്കണമെന്ന് ലോറ ലോകത്തോടായി ആവശ്യപ്പെട്ടു. ​ജെയ്‌സൺ ഹ്യൂസ് എന്ന അധ്യാപകന് നിർഭാഗ്യകരമായ ഒരു അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടാകാം. എന്നാൽ പകയേക്കാൾ വലുതാണ് സ്നേഹവും ക്ഷമയുമെന്ന് ലോകത്തെ പഠിപ്പിച്ചുകൊണ്ട് അദേഹത്തിന്റെ കുടുംബം ആ അധ്യാപകന്റെ ഓർമ്മകളെ എക്കാലത്തേക്കുമായി അനശ്വരമാക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.