ഹാനോയ്: അന്ധവിശ്വാസങ്ങളും സാമൂഹിക വിലക്കുകളും മൂലം വിയറ്റ്‌നാമിലെ ഉൾഗ്രാമങ്ങളിൽ ഒറ്റപ്പെട്ടുപോയ കുഷ്ഠരോഗ ബാധിതർക്ക് കരുതലുമായി സന്യാസിനിമാർ. സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തപ്പെട്ടവർക്ക് ചികിത്സയും ആത്മവിശ്വാസവും നൽകി വിയറ്റ്‌നാമിലെ വിവിധ സന്യാസിനീ സമൂഹങ്ങൾ നടത്തുന്ന ഈ ശുശ്രൂഷ ലോകത്തിന് തന്നെ മാതൃകയാവുകയാണ്.
രോഗം ബാധിച്ചെന്ന കാരണത്താൽ സ്വന്തം കുടുംബങ്ങൾ പോലും ഉപേക്ഷിച്ചവരെ തേടിയെത്തി പരിചരിക്കുകയാണ് ഈ സന്യാസിനിമാർ. രോഗികളുടെ മുറിവുകൾ വെച്ചുകെട്ടുന്നതിനൊപ്പം അവർക്ക് ഭക്ഷണവും വസ്ത്രവും പാർപ്പിടവും ഇവർ ഉറപ്പാക്കുന്നു. രോഗബാധിതരുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകാനും അവരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരാനും സന്യാസിനിമാർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്.
സന്യാസിനിമാരുടെയും ആരോഗ്യപ്രവർത്തകരുടെയും വർഷങ്ങൾ നീണ്ട പരിശ്രമത്തിന്റെ ഫലമായി വിയറ്റ്‌നാമിൽ കുഷ്ഠരോഗ വ്യാപനത്തിൽ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം വെറും 38 പുതിയ കേസുകൾ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്.
2012 നും 2016 നും ഇടയിൽ 1000 ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്താണിത്.
നിലവിൽ രാജ്യത്തുടനീളം 6,000 ത്തോളം പേർ രോഗത്തിന്റെ അനന്തരഫലങ്ങളുമായി ജീവിക്കുന്നുണ്ട്. ബാക്ടീരിയ അണുബാധയിൽ നിന്ന് മുക്തി നേടിയെങ്കിലും പലരും ഇപ്പോഴും കഠിനമായ വൈകല്യങ്ങളും വിട്ടുമാറാത്ത വേദനയും അനുഭവിക്കുന്നവരാണ്. ഇവർക്കെല്ലാം സാന്ത്വനമായി സന്യാസിനിമാർ തങ്ങളുടെ ദൗത്യം തുടരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.