അമ്പലപ്പുഴയില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കും; നിര്‍ണായക പ്രഖ്യാപനവുമായി ജി. സുധാകരന്‍

 അമ്പലപ്പുഴയില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കും; നിര്‍ണായക പ്രഖ്യാപനവുമായി ജി. സുധാകരന്‍

ആലപ്പുഴ: സി.പി.എമ്മുമായുള്ള ഭിന്നതകള്‍ക്കൊടുവില്‍ നിര്‍ണായക പ്രഖ്യാപനവുമായി മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് അദേഹം വ്യക്തമാക്കിയിരിക്കുന്നത്.

പുന്നപ്രയിലെ വസതിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പാര്‍ട്ടി അണികളെയും രാഷ്ട്രീയ കേരളത്തെയും ഒരുപോലെ ഞെട്ടിച്ച പ്രഖ്യാപനം നടത്തിയത്.

തനിക്കെതിരായ വ്യക്തിഹത്യ നീക്കങ്ങളില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ജി. സുധാകരന്‍ പറഞ്ഞു. അതേസമയം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുന്നു എന്ന പ്രചാരണം അദേഹം തള്ളി. ഒരു പ്രതിപക്ഷ പാര്‍ട്ടിയുമായും താന്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും സ്വതന്ത്രനായി തന്നെ ജനവിധി തേടുമെന്നുമായിരുന്നു പ്രതികരണം.

മൂന്നാഴ്ച മുന്‍പ് മെമ്പര്‍ഷിപ്പ് പുതുക്കാന്‍ എത്തിയവരോട് താന്‍ അതിന് തയ്യാറല്ലെന്ന് അറിയിച്ചിരുന്നു. ഈ വിവരം ഒരു ജില്ലാ കമ്മിറ്റി അംഗമാണ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത്. ഇത് തന്നെ അപമാനിക്കാനുള്ള നീക്കമായിരുന്നു. മന്ത്രി സജി ചെറിയാന്റെ പഴയ ഭരണഘടനാ വിരുദ്ധ പരാമര്‍ശങ്ങളെ പരോക്ഷമായി അദേഹം വിമര്‍ശിച്ചു. ഭരണഘടനയെ കുന്തം, കുടചക്രം എന്നൊന്നും താന്‍ പറയില്ലെന്നും പാര്‍ട്ടി ആദര്‍ശങ്ങള്‍ മുറുകെപ്പിടിക്കുമെന്നും അദേഹം പറഞ്ഞു.

താന്‍ പാര്‍ട്ടി കെട്ടിപ്പടുത്തത് മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങിയാണ്. എന്നാല്‍ ഇപ്പോള്‍ സ്വന്തം അച്ഛനെപ്പോലും അധിക്ഷേപിക്കുന്ന തരത്തില്‍ ചില പാര്‍ട്ടി അംഗങ്ങള്‍ തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണ്. ഇന്നലെ മുതിര്‍ന്ന നേതാവ് എം.എ ബേബി വീട്ടിലെത്തി തന്നെ കണ്ടിരുന്നു. ഹൈസ്‌കൂള്‍ കാലം മുതല്‍ പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയ താന്‍ ആരുടെയും നിര്‍ബന്ധ പ്രകാരമല്ല സി.പി.എമ്മില്‍ വന്നത്. സ്ഥാനത്ത് എത്ര കാലം ഇരുന്നു എന്നതിനേക്കാള്‍ എന്ത് ചെയ്തു എന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്. മാത്രമല്ല യഥാര്‍ത്ഥ പാര്‍ട്ടി നീതി പറഞ്ഞുകൊണ്ടേയിരിക്കുമെന്നും അദേഹം പറഞ്ഞു.

കൂടാതെ സി.പി.എം നേതൃത്വത്തിനെതിരെയും പാര്‍ട്ടിയിലെ നിലവിലെ പ്രവണതകള്‍ക്കെതിരെയും വിമര്‍ശനം ഉന്നയിച്ച സുധാകരന്‍, 36 വര്‍ഷം പാര്‍ട്ടി വിദ്യാഭ്യാസ കമ്മിറ്റിയുടെ ചെയര്‍മാനായിരുന്ന തന്നെപ്പോലൊരാളെ വ്യക്തിഹത്യ ചെയ്യുന്നത് എന്തിനാണെന്നും ചോദിച്ചു. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ 'സുധാകുരന്‍' എന്ന് പോലും വിളിച്ചു. രാഷ്ട്രീയ ക്രിമിനലുകളെ കൂടെ കൊണ്ട് നടക്കുന്നവര്‍ അവരെ ആയുധമാക്കി തന്നെ വേട്ടയാടുകയാണ്.

ആയിരക്കണക്കിന് കുട്ടികളെ അക്ഷരം പഠിപ്പിച്ച തന്റെ അച്ഛനെപ്പോലും അധിക്ഷേപിക്കുന്ന സാഹചര്യം ഉണ്ടായി. സ്വാധീനം ഉപയോഗിച്ച് സ്വന്തം വീട്ടിലുള്ളവര്‍ക്ക് ജോലി വാങ്ങി നല്‍കിയിട്ടില്ലെന്നത് ആര്‍ക്കും പരിശോധിക്കാവുന്നതാണ്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഗാന്ധിജിയുടെ ലാളിത്യം വേണമെന്നും വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിക്കരുതെന്നും അദേഹം ഓര്‍മ്മിപ്പിച്ചു. രാഷ്ട്രീയമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യഥാര്‍ത്ഥ ആയുധം. അത് കൈമോശം വരാന്‍ പാടില്ല.

ഒരു വര്‍ഗീയതയുമായും യോജിക്കില്ല. ദുരിതം അനുഭവിക്കുന്നവര്‍ക്കൊപ്പം എന്നും നിലകൊള്ളും. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തോട് എന്നും നീതി പുലര്‍ത്തിയിട്ടുണ്ടെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുമെന്നും അദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.