കേരളത്തില്‍ വോട്ടെടുപ്പ് ഒറ്റ ഘട്ടമായി; തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് 15 ന് ശേഷം

 കേരളത്തില്‍ വോട്ടെടുപ്പ് ഒറ്റ ഘട്ടമായി; തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് 15 ന് ശേഷം

കേരളത്തിലെ പ്രശ്‌ന ബാധിത ബൂത്തുകളില്‍ കേന്ദ്ര സേനയെ ഇറക്കും

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതി മാര്‍ച്ച് 15 ന് ശേഷം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിങ്കളാഴ്ച്ചയോ ചൊവ്വാഴ്ചയോ തിയതി പ്രഖ്യാപനം ഉണ്ടായേക്കും.

ഫെബ്രുവരി 28 നാണ് ബംഗാളിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. അന്തിമ വോട്ടര്‍ പട്ടിക സംബന്ധിച്ച് പരാതി നല്‍കുന്നതിനുള്ള സമയ പരിധി അവസാനിക്കുന്നത് മാര്‍ച്ച് 15 നാണ്. അതിനാലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം അതിന് ശേഷം നടത്തിയാല്‍ മതിയെന്ന് കമ്മീഷന്‍ തീരുമാനിച്ചത്.

അതേസമയം കേരളം ഉള്‍പ്പടെ മൂന്ന് സംസ്ഥാനങ്ങളില്‍ ഒറ്റ ഘട്ടമായിട്ടായിരിക്കും വോട്ടെടുപ്പ്. കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലും ഒറ്റ ഘട്ടമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കും. അസമില്‍ മൂന്ന് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. പശ്ചിമ ബംഗാളില്‍ അഞ്ച് ഘട്ടമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയേക്കും. കഴിഞ്ഞ തവണ ബംഗാളില്‍ എട്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്.

ഇത്തവണയും കേരളത്തിലെ പ്രശ്‌ന ബാധിത ബൂത്തുകളില്‍ കേന്ദ്ര സേനയെ നിയോഗിക്കും. മലബാര്‍ മേഖലയിലാണ് കൂടുതല്‍ പ്രശ്‌ന ബാധിത ബൂത്തുകളുള്ളത്. ഏപ്രില്‍ 20 നും 30 നും ഇടയില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമാണ് ഭൂരിപക്ഷം രാഷ്ട്രീയ പാര്‍ട്ടികളും കമ്മീഷന് മുന്നില്‍ വെച്ചിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.