ടെഹ്റാന്‍: ഇറാന്‍ പരമോന്നത നേതാവ് മൊജ്താബ ഖൊമേനി ഗുരുതരാവസ്ഥയിലെന്ന് അഭ്യൂഹം. ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ മൊജ്താബയുടെ ഒരു കാല്‍ നഷ്ടപ്പെട്ടെന്നും ഗുരുതരമായി പരിക്കേറ്റെന്നുമാണ് പരക്കുന്ന വാര്‍ത്തകള്‍. 'മൊജ്താബ ഖൊമേനിക്ക് ഗുരുതരമായി പരിക്കേറ്റു, ടെഹ്റാനില്‍ അദേഹം ചികിത്സയിലാണ്' എന്നാണ് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തത്.
'മൊജ്താബയ്ക്ക് ഒരു കാല്‍ നഷ്ടപ്പെട്ടു, വയറിനോ, കരളിനോ ഗുരുതര പരിക്കേറ്റു' എന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. ടെഹ്റാനിലെ സിന യൂണിവേഴ്സിറ്റി ആശുപത്രിയില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലാണ് അദേഹത്തിന്റെ ചികിത്സ നടക്കുന്നത്.
ഫെബ്രുവരി 28 ന് ടെഹ്റാനില്‍ നടന്ന വ്യോമാക്രമണത്തിലാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി കൊല്ലപ്പെട്ടത്. അന്ന് തന്നെയാണോ മകന്‍ മൊജ്താബയ്ക്കും പരിക്കേറ്റതെന്ന കാര്യം വ്യക്തമല്ല. മാര്‍ച്ച് എട്ടിനാണ് ഖൊമേനിയുടെ രണ്ടാമത്തെ മകന്‍ മൊജ്താബയെ പരമോന്നത നേതാവായി തിരഞ്ഞെടുത്തത്.
മൊജ്താബ ഖൊമേനി ജീവനോടെയുണ്ടെന്ന് താന്‍ വിശ്വസിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഖൊമേനി ഒരുപക്ഷേ പരിക്കേറ്റ് അവശനായ നിലയിലായിരിക്കാമെങ്കിലും 'ഏതെങ്കിലും രൂപത്തില്‍' അദേഹം ജീവനോടെയുണ്ടെന്നാണ് താന്‍ കരുതുന്നതെന്ന് ഫോക്‌സ് ന്യൂസ് റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
ഫെബ്രുവരി 28 ന് പിതാവ് ആയത്തുള്ള അലി ഖൊമേനി കൊല്ലപ്പെട്ട യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ മൊജ്താബയ്ക്കും ഗുരുതരമായി പരിക്കേറ്റതായും അദേഹം നിലവില്‍ കോമയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇറാനിയന്‍ അധികൃതരും മൊജ്താബയ്ക്ക് പരിക്കേറ്റ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
അധികാരമേറ്റ ശേഷം മൊജ്താബ ഖൊമേനി ഇതുവരെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാത്തത് അദേഹം പ്രസംഗിക്കാനുള്ള ശാരീരിക അവസ്ഥയിലല്ലാത്തതിനാലാണെന്ന് സൈപ്രസിലെ ഇറാന്‍ അംബാസഡര്‍ അലിറേസ സലാരിയനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടില്ലെങ്കിലും അധികാരമേറ്റ ശേഷമുള്ള തന്റെ ആദ്യ പ്രസ്താവന മൊജ്താബ ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ വഴി പുറത്തു വിട്ടിരുന്നു. ഒരു വാര്‍ത്താ അവതാരകന്‍ വായിച്ച ഈ സന്ദേശത്തില്‍, അമേരിക്കയോടും ഇസ്രയേലിനോടുമുള്ള പോരാട്ടത്തില്‍ ഇറാന്‍ പിന്നോട്ടില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് നല്‍കിയത്.
രക്തസാക്ഷികളുടെ രക്തത്തിന് പകരം ചോദിക്കുമെന്നും മേഖലയിലെ എല്ലാ യു.എസ് താവളങ്ങളും ഉടനടി അടച്ചുപൂട്ടണമെന്നും അല്ലാത്തപക്ഷം അവ ആക്രമിക്കപ്പെടുമെന്നും മൊജ്താബ ഭീഷണി മുഴക്കി.
യുദ്ധം മൂലം ഇറാനുണ്ടായ നാശ നഷ്ടങ്ങള്‍ക്ക് ശത്രുക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം. ശത്രുക്കള്‍ ഇതിന് വിസമ്മതിക്കുകയാണെങ്കില്‍ അവരുടെ ആസ്തികള്‍ കണ്ടുകെട്ടുകയോ നശിപ്പിക്കുകയോ ചെയ്യുമെന്നാണ് മുന്നറിയിപ്പ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.