തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക ലഭ്യത കുറഞ്ഞതോടെ ഹോട്ടലുകളും തട്ടുകടകളും കൂട്ടത്തോടെ അടച്ചുപൂട്ടലിന്റെ വക്കില്‍. ഇത് അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടപ്പലായനത്തിന് കാരണമായിരിക്കുകയാണ്.
വാണിജ്യ സിലിണ്ടറുകള്‍ കിട്ടാതായതോടെ ഹോട്ടല്‍ മേഖല സ്തംഭിച്ചു. ഇതോടെ ഈ രംഗത്ത് ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് വരുമാനം നിലച്ചു. സ്വന്തമായി ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ചെറിയ സിലിണ്ടറുകള്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമായതും ഇവരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ബംഗാള്‍, അസം സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതും തിരഞ്ഞെടുപ്പും പ്രമാണിച്ച് വോട്ട് രേഖപ്പെടുത്താന്‍ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചിരുന്നതാണ്. റംസാന്‍ കൂടി അടുത്തതോടെ ഇവര്‍ യാത്ര നേരത്തെയാക്കി.
തിരുവനന്തപുരത്തെ പ്രമുഖ മാളുകളില്‍ ഉള്‍പ്പെടെ തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായതായി ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തുന്നു. 25 പേര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പലയിടത്തും അഞ്ചോ ആറോ പേര്‍ മാത്രമാണ് ഉള്ളത്. കേരളത്തിലെ നിര്‍മാണ മേഖല, കൃഷി, ചെങ്കല്‍ ഖനനം, പരമ്പരാഗത പലഹാര നിര്‍മാണം എന്നിവയെല്ലാം അന്യസംസ്ഥാന തൊഴിലാളികളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. തെങ്ങ് ചെത്ത് പോലുള്ള പ്രാദേശിക നൈപുണ്യം വേണ്ട മേഖലകളില്‍ പോലും ഇവരുടെ സേവനം നിര്‍ണായകമാണ്. ഇവര്‍ മടങ്ങുന്നതോടെ ഈ മേഖലകളെ പൂര്‍ണമായും നിശ്ചലമാക്കുമോ എന്ന ആശങ്കയിലാണ് ഉടമകള്‍.
നിലവില്‍ ബംഗാള്‍, അസം റൂട്ടുകളിലെ ട്രെയിനുകള്‍ ആഴ്ചകളോളം നീളുന്ന വെയിറ്റിങ് ലിസ്റ്റിലാണ്. ഒരിക്കല്‍ മടങ്ങിയാല്‍ മാസങ്ങള്‍ക്ക് ശേഷമേ ഇവര്‍ തിരിച്ചെത്തൂ എന്നത് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും നിര്‍മാണ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.