കാൻബറ: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യാന്തര വിപണിയിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ പെട്രോളിലെ സൾഫർ പരിധിയിൽ ഇളവ് വരുത്തി ഓസ്‌ട്രേലിയൻ സർക്കാർ. 60 ദിവസത്തേക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. സാധാരണഗതിയിൽ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ധനം ആഭ്യന്തര വിപണിയിലേക്ക് തിരിച്ചു വിടാൻ ഈ നീക്കം സഹായിക്കും.
കഴിഞ്ഞ ഡിസംബറിൽ നടപ്പിലാക്കിയ 10 ppm എന്ന കർശനമായ സൾഫർ നിയന്ത്രണമാണ് താൽക്കാലികമായി നീക്കിയത്. ഇതിലൂടെ പ്രതിമാസം 100 ദശലക്ഷം ലിറ്റർ അധിക ഇന്ധനം വിപണിയിലെത്തിക്കാൻ സാധിക്കുമെന്ന് ഊർജ മന്ത്രി ക്രിസ് ബോവൻ അറിയിച്ചു. രാജ്യത്ത് നിലവിൽ ഇന്ധനക്ഷാമം ഇല്ലെന്നും എന്നാൽ ജനങ്ങൾ അനാവശ്യമായി ഇന്ധനം വാരിക്കൂട്ടുന്നത് ഒഴിവാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് ടോയ്‌ലറ്റ് പേപ്പറിനായി ഉണ്ടായ തിരക്ക് പോലെ ഇന്ധനത്തിനായി തിരക്ക് കൂട്ടരുതെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
ഓസ്‌ട്രേലിയയിൽ നിലവിൽ 36 ദിവസത്തേക്കുള്ള പെട്രോളും 32 ദിവസത്തേക്കുള്ള ഡീസലും സ്റ്റോക്കുണ്ട്. സിഡ്‌നി, മെൽബൺ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ലിറ്ററിന് 220 സെന്റ് എന്ന നിരക്കിലാണ് പെട്രോൾ വില. വില താരതമ്യം ചെയ്യുന്ന ആപ്പുകൾ ഉപയോഗിച്ച് ലാഭകരമായ ഇടങ്ങളിൽ നിന്ന് മാത്രം ഇന്ധനം നിറയ്ക്കാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്ന് പെട്രോളിയം മാർക്കറ്റേഴ്സ് അസോസിയേഷൻ നിർദേശിച്ചു.
സംഘർഷത്തിന്റെ മറവിൽ ഇന്ധനവില അമിതമായി വർദ്ധിപ്പിക്കുന്ന റീട്ടെയിലർമാർക്കെതിരെ ഓസ്‌ട്രേലിയൻ കൺസ്യൂമർ വാച്ച്‌ഡോഗ് കടുത്ത മുന്നറിയിപ്പ് നൽകി. തെറ്റായ വിവരങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്നവർക്കെതിരെ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കുമെന്ന് എസിസിസി കമ്മീഷണർ അന്ന ബ്രേക്കി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.